മുതലപ്പൊഴിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

 

മുതലപ്പൊഴിയില്‍ ഒരാഴ്ചയ്ക്കിടെ കരയ്ക്കടിഞ്ഞത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ. മുതലപ്പൊഴി ഹാര്‍ബറിലെ പുലിമുട്ടില്‍ കുരുങ്ങി കിടക്കുന്ന നിലയിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. അതോടെ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം രണ്ടായി.

മത്സ്യ ബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് പാറയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്‍ന്മാരുടെയും നേതൃത്വത്തില്‍ കരയ്‌ക്കെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപത്ത് നിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്.

അഞ്ചുതെങ്ങ് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്.