വർക്കലയിൽ 19 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു

 

വർക്കല : 19 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ധിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത അഞ്ചംഗ സംഘത്തെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു . വർക്കല രാമന്തള്ളി സ്വദേശി അങ്കുടു എന്ന് വിളിക്കുന്ന ബൈജു(25), അയിരൂർ സ്വദേശി ശ്രീകുട്ടൻ എന്ന് വിളിക്കുന്ന അഖിൽ(25), വർക്കല സ്വദേശി സജാർ(20), ചിലകൂർ സ്വദേശികൾ ആയ കണ്ണൻ എന്ന് വിളിക്കുന്ന ഷജാർ(21), സുഫിയാൻ(20) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി രാത്രിയാണ് സംഭവം. വർക്കല വടശ്ശേരിക്കോണം വർക്ഷോപ്പിന് സമീപംവെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സരണിനെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ കാറ് കൊണ്ട് റോഡിന് കുറുകെ തടഞ്ഞുനിർത്തി കാറിൽ പിടിച്ചു കയറ്റി തട്ടിക്കൊണ്ടു പോവുകയും വർക്കല കടപ്പുറത്ത് കൊണ്ടുപോയി കൂടത്തിന് അകത്ത് വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു എന്ന പരാതിയിന്മേൽ ആണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‍തത്. സരണിന്റെ കയ്യിൽ ഉണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും ഇവർ തട്ടിയെടുക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വർക്കല ഡിവൈഎസ്പി പി നിയാസ്, വർക്കല എസ്എച്ച്ഒ വിഎസ് പ്രശാന്ത്, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.