വർക്കല: പാപനാശം ക്ലിഫിൽ തുണിക്കട നടത്തിവന്ന കർണാടക സ്വദേശിയായ യുവതിയെയും പതിനാറുകാരനായ മകനെയും വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നാം പ്രതിയും അറസ്റ്റിലായി. കിഴുവിലം മുടപുരം ഡീസന്റ്മുക്ക് പൂമംഗലത്ത് വീട്ടിൽ ഫിറോസ് എന്നു വിളിക്കുന്ന ഫിറോസ്ഖാൻ (31) ആണ് പിടിയിലായത്. എറണാകുളം കളമശേരിയിലെ ഒളിത്താവളത്തിൽ നിന്നാണ് വർക്കല പൊലീസ് ഇയാളെ പിടികൂടിയത്. ഗുണ്ടാ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഫിറോസിനെതിരെ ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധികളിലായി പിടിച്ചുപറി, കൊലപാതകശ്രമം ഉൾപ്പെടെ പതിനൊന്നു കേസുകൾ നിലവിലുണ്ട്. കർണാടക സ്വദേശിയെയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ടു ദിവസം മുൻപ് പോലീസ് സ്ത്രീയുൾപ്പടെയുള്ള 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.
https://attingalvartha.com/2019/09/varkala-police-arrested-5-including-lady/
ഇക്കഴിഞ്ഞ ഉത്രാട ദിവസം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ട്രെയിനിയെയും സുഹൃത്തിനെയും കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മർദ്ദിച്ച കേസിലെ പ്രതിയുമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ക്ലിഫിലെ തുണിക്കട അടച്ച് വാടകവീട്ടിലേക്ക് നടന്നു പോകുംവഴി ആട്ടോയിലെത്തിയ ആറംഗ സംഘം അമ്മയെയും മകനെയും ആക്രമിച്ചത്. കർണാടക കുടക് സ്വദേശിയായ ശാരദയ്ക്ക് ആക്രമണത്തിൽ മാരകമായി വെട്ടേറ്റിരുന്നു. വെട്ടുകത്തി കൊണ്ട് വെട്ടിയത് ഫിറോസ്ഖാൻ ആണെന്ന് പൊലീസ് പറഞ്ഞു. വർക്കല സി.ഐ ജി.ഗോപകുമാർ, എസ്.ഐ അരുൺ, പൊലീസുകാരായ നിഷാദ്, ഷെമീർ, നാഷ്, അജീഷ്, ജയ്‌മുരുകൻ, ഹരീഷ്, മുരളി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.