ആലംകോട് : വീൽചെയറിലിരുന്ന് ജീവിതാനുഭവങ്ങളുടെ കയ്പ്പും മധുരവും വരികളിൽ ഒതുക്കി ആലംകോട് സ്വദേശി നജിമ നിസാമുദീൻ രചിച്ച ‘നക്ഷത്രങ്ങളുടെ താഴ്വരയിൽ’ എന്ന കവിതാ സമാഹാരത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഡിജിറ്റൽ യുഗത്തിലും ഈ അസാധാരണ യുവതി എഴുതിയ വരികൾ വായിക്കാൻ ആളുകൾ വീണ്ടും പുസ്തകത്തിന്റെ പേജുകൾ മറിക്കുന്നു. 8 ആം ക്ലാസിൽ പഠിക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന അപൂർവ രോഗം നജിമയുടെ ജീവിതത്തിന് പുതിയ അർഥങ്ങൾ നൽകി. പിന്നീട് ഇതുവരെയുള്ള യാത്രയിൽ സാധാരക്കാർ ചെയ്യുന്നതിനേക്കാൾ നല്ല പ്രവർത്തനങ്ങൾ നജിമയ്ക്ക് ചെയ്യാൻ കഴിയുന്നുണ്ട്.

2 മാസം കൊണ്ട് എഴുതി പൂർത്തിയാക്കിയ 60 കവിതകൾ ഉൾപ്പെടെ കവിതാ സമാഹാരം 100 രൂപയ്ക്ക് വാങ്ങാൻ കഴിയും. കവിതകളിലെ പുതുമയും നജിമയുടെ ജീവിതാനുഭവങ്ങളുടെ നിറവും വായനക്കാർക്ക് മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നജിമയ്ക്ക് ലഭിക്കുന്ന സഹായം കൂടിയാണത്. 100 എന്ന അക്കം ചെറുതാണെങ്കിലും വായനക്കാരുടെ എണ്ണത്തിനൊപ്പം തുകയും വലുതാകും, അത് നജിമയ്ക്ക് ആശ്വാസമാകും. തന്റെ കഴിവിൽ വിശ്വാസം പുലർത്തി പേന കൊണ്ടെഴുതിയ ആ വരികൾക്കും വാക്കുകൾക്കും നജിമയെ പോലുള്ളവരുടെ സങ്കടവും സന്തോഷവും എല്ലാമുണ്ട്.
പുസ്തകം വാങ്ങി സാമ്പത്തികമായി മാത്രം സഹിക്കാനല്ല, അത് വായിച്ചു നോക്കി പ്രോത്സാഹിപ്പിക്കുകയും വേണം… പുസ്തകം വാങ്ങിക്കാൻ ബന്ധപ്പെടുക : 9645689710