വെഞ്ഞാറമൂട്: പട്ടിയുടെ തലവെട്ടി കിണറ്റിലിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പട്ടിയുടെ തല വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പരമേശ്വരം ഇടവംപറമ്പ് പാലൂർവീട്ടിൽ തുളസിയുടെ വീട്ടിലെ കിണറ്റിലാണ് പട്ടിയുടെ വെട്ടിമാറ്റിയ തല അഴുകിയ നിലയിൽ കിടന്നത്. ഇതിന്റെ ഉടൽ അഴുകിയനിലയിൽ കുറച്ചകലെയുള്ള അങ്കണവാടിയുടെ വശത്ത് കിടന്നിരുന്നു.
വെഞ്ഞാറമൂട് സി.ഐ. വിജയന്റെ നേതൃത്വത്തിലെ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യവകുപ്പ് സൂപ്പർവൈസർ ജോജോ സിറിയക്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലെ സംഘം എത്തി കിണറ്റിലെ വെള്ളം പരിശോധിച്ചു. കിണർ പൂർണമായും വറ്റിച്ച് ക്ലോറിനേഷനും നടത്തി.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തു. കുറച്ചുനാൾ മുൻപ് ഇതിനടുത്തസ്ഥലത്ത് പട്ടിയുടെ വയർ രണ്ടായി വെട്ടിമുറിച്ചിട്ടിരുന്നു. വീടിന്റെ കതകും ആയുധംകൊണ്ട് വെട്ടിപ്പൊളിച്ചിരുന്നു. സംഭവത്തിനുശേഷം അവിടെ താമസിച്ചിരുന്നയാൾ ഭയന്ന് വീട് വിറ്റുപോയി.
തുളസിയുടെ വീട്ടിലുണ്ടായ സംഭവം ഭീതിയുണ്ടാക്കാൻ വേണ്ടിയുള്ള അതിക്രമമാണോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും തീവ്രസ്വഭാവമുള്ള സംഘടനയുടെ പങ്കും പരിശോധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറയും പരിശോധിക്കുകയാണ്.