കടയ്ക്കാവൂർ : കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഞ്ചായത്ത് റോഡ് വഴി ചെക്കാലവിളാകം ജംഗ്ഷനിലേക്ക് വരുന്നവർ സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് ഇരയാകുന്നെന്ന് പരാതി. വൈകുന്നേരം 6അര മണിയോടെ തിരുവനന്തപുരത്ത് നിന്നും കടയ്ക്കാവൂരിൽ എത്തുന്ന വഞ്ചിനാട് എക്സ്പ്രസ്സിൽ എത്തുന്ന യാത്രക്കാരാണ് ദുരിതത്തിലായത്.റെയിൽവേ സ്റ്റേഷനിൽ നിന്നും തിരക്കു പിടിച്ച റോഡിലൂടെ ചെക്കാലവിളകത്തേക്ക് വരാതെ പഞ്ചായത്ത് റോഡ് വഴി നടന്നു വരുന്നവർക്കാണ് ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഭയന്ന് നടക്കേണ്ടത്.
ഇപ്പോൾ വൈകുന്നേരം 6 മണിയാവുന്നതോടെ ഇരുട്ട് പിടിക്കും. അതുകൊണ്ട് തന്നെ ട്രെയിനിൽ വന്ന് ഇറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ തെരുവ് വിളക്ക് ഇല്ലാത്ത പഞ്ചായത്ത് റോഡിലൂടെ മൊബൈൽ വെട്ടം അടിച്ചു വേണം നടക്കാൻ. ട്രെയിൻ വരുന്ന സമയത്ത് ചില യുവാക്കൾ ബൈക്കിൽ അവിടെ എത്തും. അവരുടെ ഉദ്ദേശത്തിന് എളുപ്പവഴിയായി ഇരുട്ടും കൂടെ ഉണ്ടല്ലോ, അതുകൊണ്ട് സ്ത്രീകളൊക്കെ ഭയന്നാണ് കടന്നു പോകുന്നത്.
സ്ത്രീ സുരക്ഷയ്ക്ക് കൊടി പിടിക്കുന്ന വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത് റോഡ് എന്നും തെരുവ് വിളക്ക് കത്തിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല യാത്രക്കാരെ ശല്യം ചെയ്യുന്ന സാമൂഹിക വിരുദ്ധരെ പോലീസ് പിടികൂടി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.