ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണം ഡിസംബർ 15ന് ആരംഭിക്കും. നിർമാണ പ്രവൃത്തികളുടെ ഭാഗമായി ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടച്ചിടും.
കടയ്ക്കാവൂർ ഭാഗത്തുനിന്ന് ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ബസുകൾ പണ്ടകശാലയിൽ അവസാനിപ്പിച്ച് അവിടെ നിന്നു തിരിച്ചുപോകണം.
ആറ്റിങ്ങൽ ഭാഗത്തുനിന്നും ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ബസുകൾ വലിയകട ജങ്‌ഷനിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ താൽക്കാലിക ബസ് സ്റ്റാൻഡ് രൂപീകരിക്കും.
കടയ്ക്കാവൂർ –ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന ബസുകൾ ശാർക്കര ലെവൽ ക്രോസിൽ കൂടി വലിയകട വന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം. സർക്കാർ ഓഫീസുകൾ, താലൂക്കാശുപത്രി, കടകൾ എന്നിവിടങ്ങളിലേക്ക് വരുന്നതും ആറ്റിങ്ങലിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾ എക്സൈസ് ഓഫീസിനു സമീപമുള്ള വഴി റൺവേ ആയി വലിയകട ജങ്‌ഷനിലേക്ക് പ്രവേശിക്കണം.
ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ വലിയകട ജങ്‌ഷന് സമീപത്തുവച്ച് താലൂക്കാശുപത്രിയുടെ ചുറ്റുമതിൽ നീക്കം ചെയ്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ വഴി നൽകും.
കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ ശാർക്കര ജങ്‌ഷനിൽവന്ന് പണ്ടകശാല വഴി കടന്നുപോകണം.
കടയ്ക്കാവൂരിൽനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശാർക്കര ജങ്‌ഷനിൽ വന്ന് മഞ്ചാടിമൂട് റെയിൽവേ ഗേറ്റുവഴി ബൈപാസ് റോഡിൽ കൂടി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണമെന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു.