പോത്തൻകോട്: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ട് ഒരു ക്ഷേത്ര ട്രസ്റ്റ് ഒരുക്കുന്ന കരുതൽ പദ്ധതി മാതൃകയാകുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ബദലായി പേപ്പർ, തുണി, ജൂട്ട് തുടങ്ങിയ പ്രകൃതി സൗഹാർദ വസ്തുക്കൾ ഉപയോഗിച്ചുള്ള ക്യാരിബാഗുകൾ വനിതാസ്വയം തൊഴിൽ സംരംഭകർ മുഖേനയാണ് നിർമ്മിക്കുന്നത്. 12 ഓളം വനിതകൾ ഉൾപ്പെടുന്നതാണ് ഉത്പാദന യൂണിറ്റ്. വിവിധ വലിപ്പത്തിലും കാണാത്തതിലുമുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച, കട്ടിയുള്ളതും വേഗത്തിൾ കീറിപ്പോകാത്തതുമായ ബിഗ്ഷോപ്പറുകൾ, തുണി സഞ്ചികൾ, ന്യൂസ്പേപ്പർ കൊണ്ട് നിർമ്മിച്ച വിവിധ വലുപ്പത്തിലുള്ള പേപ്പർ കാരിബാഗുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. സഞ്ചി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലും വലിപ്പവും അനുസരിച്ച് വിലയിൽ മാറ്റം വരും. വ്യാപാരസ്ഥാപനങ്ങൾക്കും സംഘടനകൾക്കും മറ്റും ഉപയോഗപ്രദമായ രീതിയിലാണ് സഞ്ചികളുടെ നിർമ്മാണം.ഓർഡർ നൽകുന്നതനുസരിച്ച് സ്ഥാപനങ്ങളുടെ ലോഗോ പ്രിന്റ് ചെയ്ത ക്യാരിബാഗുകളും നിർമ്മിച്ചു നൽകും. കഴുകി ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകൾ ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് കിറ്റുകളുടെ അമിതോപയോഗങ്ങളിൽ നിന്നുള്ള മോചനവും സാദ്ധ്യമാക്കും. അന്നപൂർണേശ്വരി ട്രസ്റ്റിന്റെ ക്യാരിബാഗ് നിർമ്മാണയൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ഷീന മധു, ടൗൺ വാർഡ് അംഗം അഡ്വ.എസ്.വി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.