ആറ്റിങ്ങല്‍: കടമ്പാട്ടുകോണം മുതല്‍ മാമം വരെ ദേശീയ പാതാവികസനത്തിന് സ്ഥലമെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആറ്റിങ്ങലില്‍ സ്പെഷല്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ബി.സത്യന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കടമ്പാട്ടുകോണം മുതല്‍ മാമം വരെയുളള 16 കിലോമീറ്റര്‍ ഭാഗത്തെ സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ തയാറാക്കി നല്‍കുന്നതിനും തുടര്‍നടപടികള്‍ നടത്തുന്നതിനുമാണ് ഓഫീസ് ആരംഭിച്ചിട്ടുള്ളത്. ഓഫീസനുവദിച്ച് നേരത്തേ ഉത്തരവിറങ്ങിയിരുന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയിരുന്നു.
കഴിഞ്ഞദിവസം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനമായത്. വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ നാവായിക്കുളം, കുടവൂര്‍, ഒറ്റൂര്‍, കരവാരം, മണമ്പൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, അവനവഞ്ചേരി, കിഴുവിലം വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ.വിജയ അധ്യക്ഷയായി. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്, നഗരസഭയിലെ പ്രതിപക്ഷനേതാവ് എം.അനില്‍കുമാര്‍, തഹസീല്‍ദാര്‍ ജി.നിര്‍മ്മല്‍ കുമാര്‍, സ്പെഷല്‍ തഹസീല്‍ദാര്‍മാരായ മനോജ്, ജി.ശ്രീകുമാര്‍, ഡെപ്യൂട്ടിതഹസീല്ദാര് ടി.വേണു, ഉണ്ണിരാജ എന്നിവര്‍ പങ്കെടുത്തു.