Search
Close this search box.

മരുഭൂമിയിൽ ജീവിതം കൊണ്ട് കവിത രചിച്ചൊരാൾ…

eiC69YX69173

മരുഭൂമിയിലെ ഉഷ്ണക്കാറ്റിൽ ജീവിതം കവിതയാക്കുന്നൊരാൾ .സോഷ്യൽ മീഡിയയിലെ പുതു താരം കുമാരേട്ടൻ. കടയ്ക്കാവൂർ പാണന്റെ മുക്കിൽ നിന്ന്, മസ്ക്കത്തിലെ സോഹാർ ലിവയിലെത്തിയ പ്രവാസി ! ജീവിതം കൊണ്ട് കവിതകൾ രചിയ്ക്കുകയാണിപ്പോൾ .പ്രവാസ ജീവിത നൊമ്പരങ്ങൾ അയാളെ കവി ആക്കി. ജീവിതത്തേക്കാൾ വലിയ കവിതയുമില്ലല്ലോ .. കവിതയുടെ വാഗ്ദേവത കുമാരേട്ടനെ തിരഞ്ഞെത്തി എന്ന് പറയുകയാവും ശരി.
സജീവ് കുമാർ എന്ന കുമാരേട്ടന്റെ മൂന്ന് കവിതകൾ ഇതിനോടകം പുറത്തിറങ്ങി.കൊറോണ എന്ന മഹാമാരിയെ ആസ്പദമാക്കി എഴുതിയ “ഓർമ്മപ്പെടുത്തൽ” ,തെരുവു ബാല്യങ്ങളുടെ നൊമ്പരങ്ങളെ അക്ഷരങ്ങളിൽ ആവാഹിച്ച ” തെരുവോരം ” ബാല്യകാല സ്മരണകളെ കവിതയിൽ അടച്ച ” കുട്ടിക്കാലം” എന്നീ കവിതകളൊക്കെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇഷ്ടം , പ്രവാസം, യാത്രാമൊഴികൾ എന്നീ കവിതകൾ ഉടൻ പുറത്തിറങ്ങാനിരിയ്ക്കുന്നവയാണ്. കവിതാ രചനയിൽ മാത്രമല്ല പൗരുഷ ഗംഭീരമാർന്ന ആലാപനം കൊണ്ടും കുമാരേട്ടൻ ശ്രദ്ധേയനാണ്. മലയാളത്തിന്റെ പ്രമുഖ കവികളെല്ലാം കുമാരേട്ടന്റെ രചനകളെയും ആലാപന ശൈലിയേയും പ്രശംസിച്ചിട്ടുണ്ട്.
പാണന്റെ മുക്കിൽ വാറുവിള വീട്ടിൽ പരേതനായ ദാസന്റെയും, യശോദയുടെയും,മൂന്നു മക്കളിൽ രണ്ട് പെൺമക്കൾക്കു ശേഷമാണ് ഇളയവനായി കുമാരേട്ടന്റെ ജനനം .നാട്ടിൽ ദീർഘകാലം സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു. ഇപ്പോൾ പതിനഞ്ച് വർഷമായി അൽ യമാമ ഗ്യാസ് പ്ളാൻറിലെ ജീവനക്കാരൻ .ഭാര്യ സിന്ധു .മക്കൾ അനന്യ ,സഞ്ജയ് .
എഴുതിയ കവിതകൾ ക്രോഡീകരിച്ച് പ്രമുഖ ഗായികാ ഗായകൻമാരെ കൊണ്ട് ആലപിച്ച് ,ദൃശ്യവൽക്കരിച്ച് പുറത്തിറക്കാനുള്ള ശ്രമങ്ങളും ഇതിനോടൊപ്പം നടക്കുന്നു.
നാട്ടുകൂട്ടങ്ങളിൽ ഒരാളായ ,ഉത്സവത്തിമിർപ്പുകളിൽ ആർപ്പ് ആയ ,സജീവ് കുമാർ കുമാരേട്ടനായതും ,സോഷ്യൽ മീഡിയ ഏറ്റെടുത്ത കവി ആയതും ജന്മനാട് ആഘോഷിയ്ക്കുകയാണിപ്പോൾ .. ജീവിതം കൊണ്ട് കവിത രചിയ്ക്കുന്ന കുമാരേട്ടന്റെ കവിതകൾക്കായി സൗഹൃദവലയം കാത്തിരിയ്ക്കുന്നു.

 

-ഏ.കെ .നൗഷാദ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!