കിളിമാനൂർ: അശാസ്ത്രീയ റോഡ് നിർമ്മാണത്തിന് പിന്നാലെ അതേ രീതിയിലുള്ള നടപ്പാത നിർമ്മാണവും. പുതിയകാവ് – തകരപ്പറമ്പ് റോഡിലെ പുതിയകാവ് മുതൽ ആർ.ആർ.വി ജംഗ്ഷൻ വരെയുള്ള നടപ്പാത നിർമാണം കണ്ട് മൂക്കത്ത് വിരൽ വെയ്ക്കുകയാണ് കാൽ നടയാത്രക്കാരും, പ്രദേശവാസികളും. ഇല്ട്രിക്ക് പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും ഒഴിവാക്കാതെയാണ് നടപ്പാത നിർമ്മാണം നടക്കുന്നത്. പണി പൂർത്തിയാകുമ്പോൾ നടപ്പാതയിലൂടെ നടക്കാൻ കഴിയാത്തതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ടി വരും.
പുതിയകാവ് മുതൽ തകരപ്പറമ്പ് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡിന്റെ ഇരു വശങ്ങളിലെയും പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് ഓടകൾ നിർമിച്ചും, പുതിയകാവ് മുതൽ ആർ.ആർ.വി ജംഗ്ഷൻ വരെ നടപ്പാത നിർമിച്ചും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അഞ്ച് കോടി രൂപക്കാണ് കരാർ നൽകിയിരുന്നത്. ആറ് മാസം കൊണ്ട് പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന റോഡ് നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിരുന്നെങ്കിലും പണി നീണ്ട് പോയി. മാദ്ധ്യമങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നിരന്തര സമ്മർദ്ധത്തിന്റെ ഫലമായി റോഡ് പണി പൂർത്തിയാക്കി. എന്നാൽ പൂർണമായും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കയോ, റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളോ, കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതിനോടൊപ്പം പുതിയകാവ് മുതൽ ആർ.ആർ.വി ജംഗ്ഷൻ വരെയുള്ള നടപ്പാതയും നിർമ്മിച്ചില്ലായിരുന്നു. ആ നടപ്പാതയുടെ പണി ഇപ്പോൾ ആരംഭിച്ചങ്കിലും അശാസ്ത്രിയമായ രീതിയിലാണ് ഇത് നിർമ്മിക്കുന്നതെന്നും ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാക്കൂ എന്നും നാട്ടുകാർ ആരോപിക്കുന്നു.