കൂട്ടബലാത്സംഗത്തിനിരയായ കണിയാപുരം സ്വദേശിനി നേരിട്ടത് കൊടിയ പീഡനം.ഇന്നലെ വൈകുന്നേരമാണ് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭർത്താവ് കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.
വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. ശേഷം ഭർത്താവ് യുവതിയെയും നിർബന്ധിച്ച് കുടിപ്പിച്ചു. തുടർന്ന് അവരൊക്കെ പുറത്തേക്ക് പോയി. ആ സമയം യുവതി മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് ചെന്ന് യുവതിയുടെ തോളിൽ പിടിച്ചെന്നും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്ന വയസ്സായ സ്ത്രീ ഇവിടെ നിന്ന് പൊയ്ക്കോളൂ ഇവരൊന്നും ശരിയല്ല എന്നും യുവതിയോട് പറഞ്ഞു. എന്നാൽ അവിടെ വന്നവർ പറഞ്ഞത് യുവതിയുടെ ഭർത്താവ് കുറച്ചു പേരുമായി വഴക്കിടുന്നു അങ്ങോട്ട് പോകാം എന്നാണ്. തുടർന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ ഒരു ഓട്ടോയിലേക്ക് യുവതിയെയും മകനെയും ബലമായി കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് യുവതി പറഞ്ഞു. അവിടെ ഒരു കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി യുവതിയെ ക്രൂരമായി ഉപദ്രവിച്ചെന്നും സിഗരറ്റ് കൊണ്ട് തുടയിൽ കുത്തിയും കവിളിൽ കടിച്ചും വസ്ത്രം വലിച്ചു കീറിയും ആക്രമിച്ചു. കൂടാതെ മകനെയും മർദിച്ചെന്ന് പറയുന്നു. ബോധം പോയ യുവതി മകന്റെ കരച്ചിൽ കേട്ടാണ് ഉണരുന്നത്. ശേഷം മകനെ വീട്ടിലെത്തിച്ചിട്ട് തിരികെ വരാമെന്ന് പറഞ്ഞ് യുവതി അവിടെ നിന്ന് ഓടി. വഴിയിൽ ഒരു ബൈക്കുകാരനെ കണ്ടപ്പോൾ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹമാണ് ഒരു കാറിൽ വീട്ടിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ ഭർത്താവ് അവിടേയ്ക്ക് എത്തി. പൊലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞു. ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.