ചിറയിൻകീഴ്: ജോലി വാഗ് ദാനം നൽകി യുവതിയെ കുവൈറ്റിൽ കൊണ്ടുപോകുകയും തിരികെ വരുന്നതിൽ നിന്നും ട്രാവൽസ് ഏജൻസി തടഞ്ഞുവെയ്ക്കുകയും ചെയ്തു. ചിറയിൻകീഴ് വടക്കേ അരയതുരുത്തി ചൊവ്വാഴ് ച പള്ളിക്ക് സമീപം ഗ്രേസ് ലാൻഡിൽ അനു പ്രിൻസ് (32) ആണ് കുവൈറ്റിൽ പത്ത് ദിവസത്തോളം കുടുങ്ങികിടന്നത്. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറുടെ ഇടപെടൽ മൂലം ചിറയിൻകീഴ് സ്വദേശിനി അനു ശനിയാഴ്ച നാട്ടിലെത്തി.
ചിറയിൻകീഴ് പഞ്ചായത്തിലെ മുഞ്ഞമൂട് പാലത്തിനു സമീപമുള്ള അനുവിൻ്റെ വീട് കടലാക്രമണത്തിൽ തകർന്നതിനെ തുടർന്ന് ഫിഷറീസിൽ നിന്ന് ലഭിച്ച നാലു ലക്ഷം രൂപയും കൂടാതെ കടം വാങ്ങിയുമാണ് വീട് പൂർത്തിയാക്കിയത്. തുടർന്ന് വീട് വച്ച കടം തീർക്കാനായി പുത്തൻതോപ്പ് സ്വദേശി പീറ്റർ വഴി ബീമാപള്ളി സ്വദേശി നാസറുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ട്രാവൽസ് വഴിയാണ് അനു 12.01.2019ൽ കുവൈറ്റിൽ തയ്യൽജോലിക്കായി പോയത്. അവിടെ ചെന്നപ്പോൾ വീട്ടുജോലിക്കാണ് നിർത്തിയത്. അനു ഹൈദരാബാദ് വഴിയാണ് കുവൈറ്റിലേക്ക് പോയത്. ജോലി ചെയ്യവെ കാലിൻ്റെ പാദത്തിൽ കൂടി ഡെസ്ക് മറിഞ്ഞുവീണ് കാലിനു ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് അമിത ഡോസുള്ള മരുന്ന് കഴിച്ചതിനെ തുടർന്നുണ്ടായ അലർജി കാരണം ശരീരം മുഴുവൻ തടിച്ച് വീർത്ത് വായ സഹിതം പൊട്ടി ഭക്ഷണം കഴിക്കാൻ പോലും വയ്യാതായി. എന്നാൽ അനു ജോലി ചെയ്തിരുന്ന വീട്ടിൽ രാവിലെ മുതൽ അർദ്ധരാത്രി വരെ ജോലി ചെയ്യിക്കുമായിരുന്നു. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും അനുവിന് കാലിനു ക്ഷതമേറ്റതിനെ തുടർന്ന് തിരികെ കുവൈറ്റിലെ ട്രാവൽസിൽ അയക്കുകയായിരുന്നു. ട്രാവൽസ് ഏജൻസിയുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു വീട്ടിൽ ജോലിക്കായി നിന്നു. അവിടെയും ആവശ്യത്തിന് ചികിത്സയും ഭക്ഷണവും നൽകാൻ തയ്യാറായിരുന്നില്ല. അതിനാൽ വീണ്ടും ട്രാവൽസിൽ എത്തിച്ചു. ഇതേതുടർന്ന് അനു നാട്ടിൽ വരാൻ നിർബന്ധം പിടിച്ചപ്പോൾ രണ്ട് ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ നാട്ടിലെത്തിക്കാൻ സാധിക്കൂ എന്ന് പറഞ്ഞു. തുടർന്ന് 10 ദിവസം വീട്ടുതടങ്കളിൽ താമസിപ്പിച്ചു. തുടർന്ന് അനു ഡെപ്യൂട്ടി സ്പീക്കറെ നേരിട്ട് വിളിച്ചും വാട്സ്അപ്പ് വഴി ബന്ധപ്പെട്ടും പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സ്പീക്കർ നോർക്കയെയും, മുഖ്യമന്ത്രിയെയും, വിദേശകാര്യമന്ത്രി സുഷമാസ്വരാജിനേയും കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും രണ്ട് ദിവസം കൊണ്ട് അനുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർത്ഥി അശ്വൽ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷാൾവിൻ, യു.കെ.ജി വിദ്യാർത്ഥി ആഷ്വിൻ എന്നിവർ അനുവിൻ്റെ മക്കളാണ്.