പാലോട്: നിയന്ത്രണംവിട്ട കാർ വീട്ടിലേയ്ക്ക് ഇടിച്ചുകയറി വീട്ടമ്മയ്ക്കും കുഞ്ഞിനും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പെരിങ്ങമ്മല ഞാറനീലി ദേവീക്ഷേത്രത്തിന് സമീപം മഞ്ജുനാഥിൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. മഞ്ജുനാഥിൻ്റെ അമ്മ കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ പേരക്കുട്ടി തമ്പു (6), വാഹനത്തിലുണ്ടായിരുന്ന ആലുമ്മൂട് സ്വദേശികളായ ജിത്ത്, അനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. വീടിൻ്റെ മുൻവശത്തെ ഒരുഭാഗം പൂർണമായും തകർന്നു. തെന്നൂരിൽ നിന്നും ഞാറനീലിയിലേയ്ക്ക് വരികയായിരുന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
