Search
Close this search box.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വാഹന തട്ടിപ്പ് നടക്കുന്നു, മുന്നറിയിപ്പ് !

eiP6PDC84285_compress20

കൊറോണക്കാലത്ത് വാഹന തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. മറ്റാരുടെയെങ്കിലും വാഹനങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നല്‍കി ‘വില്‍ക്കാനുണ്ട് ‘ എന്ന പരസ്യം നല്‍കുന്നതാണ് ആദ്യപടി. സാധാരണയായി ആ വാഹനത്തിന് ലഭിക്കാവുന്ന റീ സെയില്‍ വിലയെക്കാള്‍ കുറവായിരിക്കും പരസ്യത്തിലെ വില. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന കോണ്‍ടാക്ട് നമ്പരിലേക്ക് വിളിച്ചാല്‍ വിളിച്ചാളുടെ വാട്‌സ് അപ് നമ്പര്‍ വാങ്ങി അതിലേക്ക് വാഹനത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ വരും. താല്‍പര്യമുണ്ടെങ്കില്‍ മാത്രം തിരിച്ചു വിളിക്കാനാവശ്യപ്പെടുകയും ചെയ്യും.

താത്പര്യം തോന്നി തിരികെ വിളിച്ചാല്‍ താന്‍ ഏതെങ്കിലും യൂണിഫോം വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ ആയതിലാണ് വില അല്പം കുറച്ച് വില്‍ക്കുന്നതെന്നും മറുപടി ലഭിക്കും. വാഹനം നേരിട്ടു കാണാന്‍ ചോദിച്ചാല്‍ കോറോണ കാരണം ജോലി ചെയ്യുന്ന ക്യാമ്പിലും മറ്റും പുറത്തു നിന്നും ആരെയും കയറ്റില്ല എന്നായിരിക്കും വിശദീകരണം.

പിന്നീടാണ് യഥാര്‍ഥ തട്ടിപ്പ് വരുന്നത്. നിങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞതിനു ശേഷം, ‘നിങ്ങളെ എനിക്ക് വിശ്വാസമാണ് വണ്ടി ഞാന്‍ പാര്‍സല്‍ സര്‍വ്വീസില്‍ അയച്ചുതരാം’ എന്ന് മറുപടി ലഭിക്കും. വണ്ടി കൈപ്പറ്റിയിട്ട് വില അക്കൗണ്ടിലേക്ക് അയച്ചു തന്നാല്‍ മതി എന്ന മോഹന വാഗ്ദാനത്തില്‍ പലരും വീഴും. ആര്‍സിയും മറ്റു രേഖകളും വാഹനത്തിന്റെ വില കിട്ടിയതിന് ശേഷം തപാലില്‍ അയച്ച് തരാമെന്നും പറയും.

ഇതെല്ലാം സമ്മതിച്ചു കഴിയുമ്പോള്‍ ഒരു ചെറിയ തുക വാഹനം പാര്‍സലായി അയക്കുന്നതിനായി ചെലവാകും അതിന് 3000 രൂപ മുതല്‍ 4000 രൂപ വരെ ഒരു അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടും. അത് നമ്മള്‍ അയച്ച് നല്‍കിയാല്‍ ഈ തട്ടിപ്പ് അവിടെ പൂര്‍ത്തിയാകും. പിന്നീട് ഈ നമ്പരില്‍ വിളിച്ചാല്‍ ആരെയും ബന്ധപ്പെടാനും കഴിയില്ല. കൂടുതലും ഇരു ചക്രവാഹനങ്ങളിലാണ് ഇത്തരം തട്ടിപ്പ്

യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുന്നവര്‍ വാഹനവും ഉടമസ്ഥനേയും നേരിട്ടു കണ്ടു ഉറപ്പാക്കി ബോധ്യപ്പെട്ടതിന് ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുന്നതാണ് ഉചിതം. മേല്‍പ്പറഞ്ഞത് തട്ടിപ്പിന്റെ ഒരു രീതി മാത്രം , ഇത്തരത്തിലുള്ള പല രീതികളും തന്ത്രങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെട്ട് വഞ്ചിതരാവാതിരിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!