അറ്റിങ്ങൽ: നഗരസഭ 13-ാം വാർഡിൽ കരമയിൽ ഇടവഴി റോഡായി മാറുന്നു.
നഗരസഭ അമ്പലംമുക്ക് പതിമൂന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ചെയർമാന്റെയും വാർഡ് കൗൺസിലറുടെയും ഇടപെടലോടെ യാഥാർത്ഥ്യമാകുന്നത്. വർഷങ്ങൾക്ക് മുമ്പേ നാട്ടുകാരും വാർഡ് കമ്മിറ്റിയും സംയുക്തമായ കാട് തെളിച്ച് വഴി വെട്ടിയിരുന്നു. എന്നാൽ ചിലരുടെ ഇടപെടലുകളുടെ ഭാഗമായി റോഡെന്ന സ്വപ്നം മാത്രം ബാക്കിയായി. വാർഡ് കൗൺസിലർ റ്റി.ആർ.കോമളകുമാരിയും വാർഡ് കമ്മിറ്റിയും ഈ വിവരം നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഈ ഇടവഴി നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടുകാർ ഒപ്പുവച്ച സമ്മത പത്രം വില്ലേജ് ഓഫീസർക്ക് കൈമാറി.
കഴിഞ്ഞ വർഷം ഇതിന് സമീപത്തെ പണയിൽ കോളനി റോഡും അഡ്വ.ബി.സത്യൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ചിരുന്നു. കൂടാതെ വാർഡിലെ വിവിധ ഭാഗങ്ങളിലായി പുതിയ റോഡുകളുടെ നിർമ്മാണം ഉൾപ്പടെ പതിനഞ്ചിലധികം റോഡുകളുടെ ടാറിംഗും, ഇന്റെർലോക്കും നടത്തിയതായി വാർഡ് കമ്മിറ്റി കൺവീനർ ആർ.എസ്. അനൂപ് പറഞ്ഞു.
ഈ ഇടവഴി നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടുത്തി റോഡാക്കി മാറ്റുന്നതോടൊപ്പം പോസ്റ്റുകളും വഴിവിളക്കുകളും സ്ഥാപിക്കുമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
മുൻവാർഡ് കൗൺസിലർ വി.വേണു, വാർഡ് കമ്മിറ്റി രക്ഷാധികാരികളായ സി.ചന്ദ്രബോസ്, വിജയമോഹനൻ നായർ, സജി കല്ലിംഗൽ, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
