ആറ്റിങ്ങല്‍: റേഷന്‍കടയിലെ ക്രമക്കേടിന്
നടപടിയെടുത്ത റേഷനിങ് ഇന്‍സ്പെക്ടര്‍ക്ക് വധഭീഷണിയെന്ന് പരാതി. ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇന്‍സ്പെക്ടർ സുലൈമാനാണ് ഫോണിലൂടെ വധഭീഷണിയുണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുലൈമാന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്കും സിവില്‍സപ്ലൈസ് വകുപ്പിലെ ഉന്നതാധികൃതര്‍ക്കും പരാതി നൽകി.
അഞ്ചുതെങ്ങ്-വര്‍ക്കല മേഖലയിലെ റേഷനിങ്
ഇന്‍സ്പെക്ടറായ സുലൈമാന്‍ 2018 ആഗസ്റ്റ് ഒന്നിന് ഈ മേഖലയിലെ ഒരു റേഷന്‍കടയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നൽകിയതിനെത്തുടര്‍ന്ന് കടയുടെ അംഗീകാരം റദ്ദാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം അംഗീകാരം പുനഃസ്ഥാപിച്ചു.
2019 ഡിസംബര്‍ 26ന് ഇതേ കടയില്‍ നടത്തിയ
പരിശോധനയില്‍ വീണ്ടും ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന്, ലൈസന്‍സിയില്‍ നിന്ന് പിഴയീടാക്കുകയും കച്ചവടക്കാരനെ ഒഴിവാക്കുകയും ചെയ്തു. ഒഴിവാക്കപ്പെട്ട കച്ചവടക്കാരനാണ് ഭീഷണി
മുഴക്കിയിരിക്കുന്നതെന്ന് സുലൈമാന്‍ പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തുന്ന ഫോണ്‍സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നൽകിയത്.
 
								 
															 
								 
								 
															 
															 
				

