നാവായിക്കുളം : നാവായിക്കുളം മടന്തപ്പച്ചയിൽ കണ്ടത് കരടിയെ തന്നെയെന്ന് സ്ഥിരീകരിച്ചു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് വനം വകുപ്പ് പ്രദേശത്ത് എത്തി പരിശോധന നടത്തിയത്. കരടിയുടേതെന്ന് നാട്ടുകാർ സംശയിച്ചിരുന്ന കാൽപാടുകൾ വനം വകുപ്പ് പരിശോധിച്ചതിൽ നിന്നാണ് അത് കരടിയുടേത് തന്നെയെന്ന് ഉറപ്പിച്ചത്.
നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ ഒമ്പതാം വാർഡിൽ വെള്ളിയാഴ്ച രാത്രിയിലാണ് കരടിയിറങ്ങിയത്. കരവായിക്കോണം, മടന്തപ്പച്ച ,കണിയാംകോണം പ്രദേശങ്ങളിലൂടെ കരടി സഞ്ചരിച്ചതായും നാട്ടുകാർ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മടന്തപ്പച്ച സ്വദേശി റയ്ഹാനത്ത് കരടിയെ കണ്ടതായി വാർഡ് അംഗം കുടവൂർ നിസാം പറഞ്ഞു. ഇവരുടെ മകൻ ആസിഫ് പുറത്തേക്കു പോയി രാത്രിയിൽ തിരിച്ചു വരുമ്പോൾ റയ്ഹാനത്ത് വീടിനു പുറത്തിറങ്ങി. ആ സമയത്ത് വീടിനു സമീപത്ത് കരടിയെ കണ്ടെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഉടൻ ഇവർ ആസിഫിന് ഉച്ചത്തിൽ അപകടസൂചന നൽകി. ആസിഫ് തിരിഞ്ഞു നോക്കുമ്പോൾ കരടി വേഗത്തിൽ നടന്ന് അടുത്ത പറമ്പിലേക്ക് കയറി. സമീപത്തെ താഴ്ചയിലേക്ക് എടുത്തു ചാടി ഓടി.
പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.കരടി ചാടിയെന്ന് സംശയം തോന്നിയ ചതുപ്പിലെ കാൽപ്പാടുകൾ കണ്ടപ്പോൾ തന്നെ നാട്ടുകാർക്ക് അത് കരടിയുടേത് ആണെന്ന് സംശയം ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് വനം വകുപ്പെത്തി പരിശോധന നടത്തിയത്. കടയ്ക്കൽ പ്രദേശത്തും മറ്റു സ്ഥലങ്ങളിലും അടുത്തിടെ കരടിയെ കണ്ടിരുന്നു. നാട്ടുകാർക്ക് വനം വകുപ്പ് ജാഗ്രത നിർദേശവും ബോധവൽക്കരണവും നൽകി. രാത്രിയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുലർച്ചെ റബ്ബർ ടാപ്പിംഗിനും മറ്റും പോകുന്നവർ ഇരുട്ട് മാറിയ ശേഷം മാത്രമേ പോകാൻ പാടുള്ളു എന്നും വനം വകുപ്പ് അറിയിച്ചു. കരടി ഓടി നടക്കുന്നതിനാൽ അടുത്തുള്ള പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. ഭീതി വേണ്ടെന്നും കരടിയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.