കിളിമാനൂർ : സ്വകാര്യ ബസുകളെയും കെഎസ്ആർടിസി ബസുകളെയും പിന്നിലാക്കി സമാന്തര സർവീസുകാർ ട്രിപ്പടി വർധിക്കുന്നതായി പരാതി. കാരേറ്റ് -കിളിമാനൂർ റൂട്ടിലാണ് ബസ്സുകാരുടെ വയറ്റത്തടിച്ച് ജീപ്പുകൾ അനധികൃത സർവീസ് നടത്തുന്നത്. നിരവധി തവണ ആർ.ടി.ഒയ്ക്കും പൊലീസിലും പരാതി നൽകിയിട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. കെഎസ്ആർടിസി, സ്വകാര്യബസുകളുടെ തൊട്ടുമുന്നിലായി നടക്കുന്ന സമാന്തര സർവീസുകാർ കാരണം ബസ്സുകാർ ആകെ ദുരിതത്തിലാണ്. ഇന്ന് രാവിലെ സ്വകാര്യ ബസിന് തൊട്ടുമുന്നിലായി സമാന്തര സർവീസ് നടത്തിയ ജീപ്പ് ഉടമയെ കാരേറ്റ് വെച്ച് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ഈ റൂട്ടിൽ സമാന്തര സർവീസുകാർ എപ്പോഴും ഇത്തരത്തിൽ ബസ്സുകളുടെ മുന്നിലൂടെ ആളുകളെ കയറ്റി പോകുന്നെന്നാണ് പരാതി. എന്നാൽ സമാന്തര സർവീസുകാരുടെ ശല്യം സഹിക്കവയ്യാതെ സ്വകാര്യബസുകൾ ഈറോഡിലെ സർവീസ് നിർത്തലാക്കിയാൽ ആർടിഒയും മറ്റ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുമെന്നാണ് ബസുടമകൾ പറയുന്നത്. ഈ റൂട്ടിൽ സമാന്തര സർവീസുകൾ നിലനിൽക്കുന്നിടത്തോളം കാലം തങ്ങൾക്ക് നഷ്ടം അല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ലെന്നും അവർ പറയുന്നു. ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ടു അടിയന്തിര പരിഹാരം കണ്ടെത്തിയില്ലായെങ്കിൽ സ്വകാര്യബസുകൾ ഒന്നടങ്കം ഈ റൂട്ടിലേക്കുള്ള സർവീസ് നിർത്തുമെന്നാണ് ബസുടമകൾ അറിയിച്ചത്.