കല്ലറ: ഉത്സവപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത നാടോടി സ്ത്രീയെ പൊലീസ് പിടികൂടി. സേലം കണ്ട്‍ലാംപെട്ടി സ്വദേശിനി ശാന്തി(30)ആണ് അറസ്റ്റിലായത്. കല്ലറയിൽ ഉത്സവത്തിനോടനുബന്ധിച്ചു നടന്ന ഘോഷയാത്ര സമയത്ത് കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാതാവിന്റെ കയ്യിലായിരുന്നു കുട്ടി.
കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന പൊലീസ് സ്ത്രീയെ പിടികൂടുകയും പൊട്ടിച്ചെടുത്ത മാല ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. പാങ്ങോട് സിഐ എൻ.സുനീഷ്, എസ്ഐ എ.സുലൈമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. വർക്കല,ആറ്റിങ്ങൽ,വലിയതുറ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു