തൊളിക്കോട് : ആളില്ലാത്ത വീട്ടിലെ മുൻവശത്തെ വാതിലിന്റെ പൂട്ട് തല്ലിത്തകർത്ത് മോഷണം. വിനോബ നികേതൻ മലയടി കൃഷ്ണകൃപയിൽ മായയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.മായ കൊട്ടാരക്കരയിലുള്ള ബന്ധുവീട്ടിൽ പോയ സമയം നോക്കിയായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സ്വർണമാണെന്നു കരുതി അടുക്കളയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടാഭരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി. അതേ സമയം മോഷ്ടാക്കൾ എല്ലാ മുറികളിലും അലമാരകളിലും പരിശോധന നടത്തിയെങ്കിലും മറ്റൊരു അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിട്ടില്ല. മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.