നന്ദിയോട് : ലാറ്റിനമേരിക്കയിൽ നിന്ന‌് കേരളത്തിലേക്ക‌് വിരുന്നെത്തിയ ഫലങ്ങൾ ഒട്ടനേകമാണ‌്. അതിൽ ഒടുവിലെ കണ്ണിയായ‌് മലയോരമണ്ണിലേക്ക‌് കടൽകടന്നെത്തി നാവിൽ നറുരുചി സമ്മാനിക്കുകയാണ‌് പൊപ്പോലു വാഴ. വാഴയിനത്തിലെ അതികായൻ കാഴ‌്ചയിൽ അതിസുന്ദരൻ, കുലച്ച‌് തുടങ്ങിയാൽ അത്ഭുതം. ഇതൊക്കെയാണ‌് പൊപ്പോലുവിന്റെ വിശേഷണങ്ങൾ.
കാര്യമിതൊക്കെയാണെങ്കിലും പൊപ്പോലു അങ്ങനെ ചുമ്മാ കുലയ‌്ക്കുമെന്ന‌് കരുതരുത‌്. ഒരു വിദേശിയുടെ സകല ഗമയും കാട്ടിയേ തളിർനാമ്പ‌് തെളിക്കൂ. ഇങ്ങനെ വ്യത്യസ‌്തനായ പൊപ്പോലു വാഴകൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് നന്ദിയോട് ആലംപാറ സ്വദേശി ഗിരീശൻ. കാഴ്ചയിൽ നേന്ത്രൻ വാഴ പോലെ വളർച്ചയുള്ളതാണ്. മറ്റ് കുലകളെപ്പോലെ പടലയില്ലാത്തതിനാൽ ഓരോ കായും നന്നായി മുഴുത്തതാണ്. ശരാശരി ഒരു കായ്ക്ക് മുന്നൂറ് ഗ്രാം തൂക്കവും അരയടി നീളവും വരും. പ്രത്യേക പരിചരണം ഒന്നും നൽകാതെ വീട്ടിലെ ജൈവവളവും ചാണകപ്പൊടിയും മാത്രമാണ് ഗിരീശൻ വാഴയ്ക്ക് നൽകിയത്. കൂടെ നട്ട നേന്ത്രവാഴ കാറ്റടിച്ച് വീണിട്ടും പൊപ്പോലു ഒരു കുലുക്കവുമില്ലാതെ ഗമകാട്ടി നിന്നു. പൊപ്പോലുവിനെ തൊട്ട‌് കണ്ടാൽ മാത്രമേ കുലയാണെന്ന് ആരും സമ്മതിക്കൂ. പ്രശസ്ത ഫാം ജേർണലിസ്റ്റ് സുരേഷ് മുതുകുളത്തിന്റെ അഭിപ്രായത്തിൽ കായ‌് വിഭവങ്ങൾ ഉണ്ടാക്കാൻ വരത്താനാണെങ്കിലും പൊപ്പോലു ബെസ്റ്റാണ‌്. കൃഷി ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ‌് കൃഷി ഓഫീസർ കെ സജികുമാറും കർഷകനും ചേർന്ന് വാഴയുടെ വിളവെടുപ്പ് നടത്തി.