വർക്കല : വർക്കല അയിരൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ.അയിരൂർ ചാരുംകുഴി, പോങ്ങറകോണത്ത് ചരുവിള വീട്ടിൽ കൊച്ചുചെറുക്കന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന രാജു(35) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളായ അയിരൂർ, ഇലകമൺ തേവാനം കൃഷ്ണ ഭവനിൽ കൃഷ്ണൻ ആചാരിയുടെ മകൻ സന്തോഷ് (32),അയിരൂർ, ഇലകമൺ തിട്ടയിൽ ചരുവിള വീട്ടിൽ പൊന്നന്റെ മകൻ കൊച്ചുമോൻ (45 ) എന്നിവരാണ് വർക്കലയിൽ നിന്നും അറസ്റ്റിലായത്.
ദീർഘകാലമായി നിലനിന്നിരുന്ന മുൻവൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചത്. മരണപ്പെട്ട കണ്ണന്റെ ബന്ധുവായ വൈശാഖും സന്തോഷും തമ്മിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ റോഡിൽ വെച്ചുണ്ടായ വഴക്കിനെ തുടർന്ന് സന്തോഷിനോട് പകരം ചോദിക്കാൻ പോയതാണ് മരണപ്പെട്ട കണ്ണനും വൈശാഖും മറ്റു രണ്ട് പേരും. തുടർന്ന് സംഘമായെത്തിയ ഇവർ സന്തോഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സന്തോഷിനെയും ഭാര്യയേയും മക്കളേയും ആക്രമിച്ചു. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞുമോനെയും സംഘം ആക്രമിച്ചു. തുടർന്ന് കുഞ്ഞുമോൻ തന്റെ വീട്ടിലേക്ക് പോയി കത്തിയുമായി വന്ന് കണ്ണനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ കണ്ണനെ സന്തോഷ് ഇരുമ്പ് കമ്പി പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്തോഷിനെ വീട്ടിൽ അതിക്രമിച്ച് കയറിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതിന് കൊല്ലപ്പെട്ട കണ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. അയിരൂർ, ഇലകമൺ തേവാനം മിഥുൻ നിവാസിൽ മണിക്കുട്ടന്റെ മകൻ മിഥുൻ (28), ചാരുംകുഴി പാറയിൽ വീട്ടിൽ ബാബുവിന്റെ മകൻ വിനീത് (26)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിഎസ് പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്. ആർ, ശ്രീകാന്ത്, എ.എസ്.ഐ ശ്രീകുമാർ, എസ് സി പി ഓ ഷിർജ്ജു, പോലീസുകാരായ ബ്രിജ് ലാൽ, ഷജീർ, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.