നന്ദിയോട് : കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിലിരിക്കെ പിഎച്ച്ഡി നേടുന്ന ആദ്യ വനിതാ കണ്ടക്ടർ എന്ന ബഹുമതി കവിതയ്ക്ക്.പാലോട് ഡിപ്പോയിലെ കണ്ടക്ടറും നന്ദിയോട് താന്നിമൂട് സ്വദേശിനിയുമായ കവിത കേരള സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
നന്ദിയോട് പഞ്ചായത്തിലെ മുൻ അംഗമായിരുന്ന കവിത 2011 ലാണ് ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തത്. പഞ്ചായത്തംഗമെന്ന നിലയിലെ തിരക്കിൽ ആ സ്വപ്നം പിന്തുടരാനായില്ല. പിന്നീട് കണ്ടക്ടർ ജോലിയിൽ പ്രവേശിച്ചശേഷമാണ് പഠനം പൂർത്തിയാക്കിയത്.
“നിരന്തരമുള്ള എഴുത്തും വായനയുമാണ് ലക്ഷ്യത്തിലെത്താൻ സഹായിച്ചത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമെടുക്കണമെന്നാണ് ആഗ്രഹം’ കവിത പറയുന്നു. അധ്യാപിക, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും സജീവ സാന്നിധ്യമാണ്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ്. ജനിച്ചു വളർന്ന ആനകുളം വാർഡിൽ നിന്നാണ് എൽഡിഎഫ് പ്രതിനിധിയായി പഞ്ചായത്തിലെത്തിയത്. അച്ഛൻ ദിവാകരൻ നായർ നന്ദിയോട് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. കവിയും കട്ടപ്പന ഗവ. കോളേജിലെ അധ്യാപകനുമായ ഡോ. ചായം ധർമരാജനാണ് ഭർത്താവ്. അദ്ദേഹവും കഴിഞ്ഞ വർഷം മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു.
അമ്മ: രാധ.
മക്കൾ: സിദ്ധാർഥൻ, ബോധി.