Search
Close this search box.

പാട്ടിന്റെ ചിത്തിരത്തോണിയിൽ പൂവച്ചൽ ഖാദർ യാത്രയായി: രാധാകൃഷ്ണൻ കുന്നുംപുറം

eiX6CXB34621

 

രാധാകൃഷ്ണൻ കുന്നുംപുറം🖋️

ലളിതസുന്ദരമായ കാവ്യഭാവ കൊണ്ട് അക്ഷരചിത്രങ്ങൾ വരച്ചിട്ട എഴുത്തുകാരനായിരുന്നു പൂവച്ചൽ ഖാദർ. തൂലിക കൊണ്ട് പാട്ടിന്റെ ചിത്തിരത്തോണിയിൽ സങ്കല്പങ്ങളുടെ മറുകര തേടിയ ഗാനശില്പി. മഹാരഥൻമാർ നിറഞ്ഞാടിയ മലയാള ചലച്ചിത്ര ഗാനരംഗത്ത്കാല്പനികതയുടെ സ്വപ്നകാഴ്ചകളൊരുക്കിയ എഴുത്തുകാരൻ. “ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ”എന്നലളിതഗാനത്തിലൂടെയുവതയുടെപ്രണയസങ്കല്പങ്ങൾക്ക് പ്രൗഢി പകർന്ന കവിയായിരുന്നു അദ്ദേഹം. അനശ്വര സംഗീത സംവിധായകനായ എം.ജി.രാധാകൃഷ്ണനുമായി ചേർന്നു നിർമ്മിച്ച ആ കാവ്യഗീതി മലയാളിയുടെ എക്കാലത്തെയും പ്രണയാർദ്രഗാനമാണ്. ഇതിനു പുറമേ “രാമായണക്കിളി ശാരികപൈങ്കിളി” തുടങ്ങി കാലത്തിനു
നിറം കെടുത്താനാകാത്ത ഒട്ടനവധി ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി ഉറപ്പിച്ച ശേഷമാണ് പൂവച്ചൽ ഖാദർ സിനിമയുടെ തട്ടകത്തിലേക്കെത്തിയത്. കേട്ട മാത്രയിൽ മനസ്സിൽ പതിയുന്ന രചനാരീതിയിലൂടെ ചലച്ചിത്രഗാനരചനാരംഗത്ത് അദ്ദേഹം സ്വന്തം ഇരിപ്പിടം കണ്ടെത്തി.

ചലച്ചിത്രഗാനരചനാരംഗത്ത് പതിറ്റാണ്ടുകൾ നീണ്ട രചനാകാലം പൂവച്ചൽഖാദറിനുണ്ടായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകരും അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകി. പ്രതിഭാശാലികളായ സംഗീത സംവിധായകരുമായുള്ള കൂട്ടുകെട്ടിൽ നിന്നും മധുര മനോഹരങ്ങളായ നൂറുകണക്കിന് ഗാനങ്ങൾ പിറന്നു വീണു. ” കിളിയേ യേ കിളിയേ, ഏതോ ജന്മ കല്പനയിൽ, നാഥാ നീ വരും കാലൊച്ച, അനുരാഗിണി ഇതാ, നീല ജലാശയത്തിൽ, ചിത്തിരത്തോണിയിലക്കരെ പോകാൻ, പൂമാനമേ എന്നിങ്ങനെ ഗാനാസ്വാദകർക്ക് എന്നും പാടി നടക്കുന്ന മനോഹരഗാനങ്ങൾ അദ്ദേഹം രചിച്ചു. ലാളിത്യമാർന്ന തന്റെ ജീവിതശൈലി പോലെയായിരുന്നു അദ്ദേഹത്തിന്റെ കാവ്യങ്ങളും. ഭാഷയിലും സംഭാഷണത്തിലും പുലർത്തിയ സൗമ്യതയും ശാന്തതയും കവിതകളിലും ഗാനങ്ങളിലും അദ്ദേഹം പകർത്തിവച്ചു. പാണ്ഡിത്യത്തിന്റെ കരുത്തിലല്ല
ഭാവസൗന്ദര്യത്തിന്റെ പ്രകാശത്താലാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാള മനസ്സുകളെ ആകർഷിച്ചത്.

പാട്ടെഴുത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ കാലത്ത് അദ്ദേഹം സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതളെഴുതുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇതിനിടയിൽ പല കാവ്യസമാഹാരങ്ങളും ചിത്തിരത്തോണി എന്ന പേരിൽ ഒരുഗാന സമാഹാരവും പുറത്തിറക്കി. പതിഞ്ഞ ശബ്ദത്തിൽ സാംസ്ക്കാരിക സായ്ഹാനങ്ങളിൽ പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തു. പുതിയ തലമുറയിലെ കവികളോട് വാൽസല്ല്യത്തോടെ ഇടപഴകി. കവിതയുടെ വർത്തമാനകാല അവസ്ഥകൾ പങ്കുവച്ചു.അങ്ങനെ പലപ്പോഴും തലസ്ഥാനത്തിന്റെ പല വേദികളിലും ആ സർഗ്ഗ സാനിധ്യം കടന്നു വന്നു.

പരിചയപ്പെട്ടാൽ ചിരിച്ചുകൊണ്ട് കുശലം പറയുന്ന പൂവച്ചൽ ഖാദറിൽ എന്നും ഒരു നിഷ്കളങ്കഗ്രാമീണ മനുഷ്യനെ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. എന്റെ ഗുരുനാഥനും പ്രശസ്ത കഥാകൃത്തുമായ ചിറയിൻകീഴ്സലാം സാറാണ് എന്നെ വർഷങ്ങുക്കു മുൻപ് പൂവൽ ഖാദർ സാറിന് പരിചയപ്പെടുത്തിയത്.
കവിത എഴുതുന്ന ഒരാളെന്നു സലാം സാർ പറഞ്ഞപ്പോൾ കൂടുതൽ സ്നേഹത്തോടെ അന്നദ്ദേഹം എന്നോട് ഇടപെട്ടു. പിന്നീടങ്ങോട്ട് അദ്ദേഹവുമായി ഇടപെടാൻ നിരവധി അവസരങ്ങളുണ്ടായി. കുങ്കുമം വാരികക്കു വേണ്ടി പലവട്ടം സാറിനെ ഫോണിലും നേരിലും ബന്ധപ്പെട്ടു. ഞാൻനാടകഗാനരച രംഗത്തുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം തന്റെ പഴയകാല നാടക ഗാനരചനകളെ കുറിച്ചു സംസാരിച്ചു.കവിത എഴുത്തിനെ കുറിച്ച് പലപ്പോഴും പലതും പറഞ്ഞു തന്നു.അങ്ങനെ എത്രയെത്ര നിറവുള്ള ഓർമ്മകൾ. സ്നേഹവാത്സല്ല്യങ്ങളുടെ തണൽ പകർന്നവരിൽ ഒരാൾ കൂടി യാത്രയാകുന്നു. അഭിനയമുദ്രകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തുന്ന പുതിയ കാലത്ത് ഇത്തരം ശുദ്ധമനുഷ്യർ വിടവാങ്ങുമ്പോൾ ഒരു നൊമ്പരം മനസ്സിൽ വിലങ്ങി നിൽക്കുന്നു. എങ്കിലും ഒന്നു മാത്രം ആശ്വാസമായുണ്ട്, “നീലജലാശയത്തിൽ, ഹംസങ്ങൾ നീരാടും പൂങ്കുളത്തിനക്കരെ” അദ്ദേഹമുണ്ടാകും. ഒരിക്കൽ അവിടെവച്ച് വീണ്ടും കാണാം,
കരം പിടിച്ച് അടുത്തിരിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!