കരവാരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ടിത്തടം ജംഗ്ഷനിൽ റോഡ് വികസന പ്രവർത്തനങ്ങൾക്കായി 2016 ൽ കൂറ്റൻ പാറകൾ പൊട്ടിച്ച് റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതുമൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വണ്ടിത്തടം നിവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ “വണ്ടിത്തടം നിലാവ്” ഗ്രൂപ്പ് മെമ്പർമാരുടെ നേതൃത്വത്തിൽ
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കഴിഞ്ഞ ദിവസം ഫോൺ ഇൻ ലൈവ് പരിപാടിയിലൂടെ പരാതി അറിയിക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ ഇടപെട്ട് റോഡ് വശത്തോട് ചേർന്ന് കിടന്ന പാറകളും കാടും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു.
രണ്ട് ദിവസത്തെ മൈനിംഗ് വർക്കുകൾക്ക് ശേഷം പാറകൾ പൂർണ്ണമായും നീക്കം ചെയ്യുമെന്ന് അസി.എഞ്ചിനീർ അറിയിച്ചു.
ഏറെ നാളായുള്ള പൊതുജനങ്ങളുടെ പരാതിക്കാണ് ഇതോടെ പരിഹാരമായത്.
വരും നാളുകളിൽ ഇതുപോലുള്ള ജനോപകാര പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമാകുമെന്ന് നിലാവ് വാട്സ്ആപ് കൂട്ടായ്മ അംഗങ്ങളായ നിസാമുദ്ദീൻ, നിസാം ഇടുക്കി, ഇൻഷാദ്, സജി വണ്ടിത്തടം, നെസീം, സമീർ, ഷെഫീഖ്, അൻസിം എന്നിവർ അഭിപ്രായപ്പെട്ടു.