ആറ്റിങ്ങൽ : അബുദാബി പൊലീസിൽ ഡ്രൈവറായി 44 വർഷം സേവനമനുഷ്ഠിച്ച മണനാക്ക് സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു.മണനാക്ക് സ്വദേശി പി.എം.എ.ബഷീർ(68) ആണ് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്.
1975ലാണ് ബഷീർ മണനാക്കിൽ നിന്ന് യുഎഇയിലേക്ക് പറക്കുന്നത്. അബുദാബിയിലെ ഒരു കമ്പനിയിൽ രണ്ടു വർഷം അവിടെ തുടർന്നു. അതിനിടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. അന്നു സ്പോൺസറുടെ കത്തുമായി ട്രാഫിക് പൊലീസിലെത്തി 50 ദിർഹം അടച്ചാൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം. ആദ്യ ടെസ്റ്റിൽ തന്നെ ലൈസൻസ് കിട്ടി. തുടർന്നാണ് അബുദാബി പൊലീസിൽ ഡ്രൈവറായി ചേരുന്നത് ഇദ്ദേഹമടക്കം മൂന്നു മലയാളികൾ അന്ന് അവിടെ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. 3,000 ദിർഹമായിരുന്നു തുടക്ക കാലത്തെ പ്രതിമാസ വേതനം. രണ്ടര വർഷം കഴിഞ്ഞപ്പോൾ മുൻകാല പ്രാബല്യത്തോടെ 4,500 ദിർഹമായി. പിരിയുമ്പോൾ പ്രതിമാസം 7,000 ദിർഹമാണ് ശമ്പളം.
അറബിക് പഠിക്കാൻ സാധിച്ചതാണ് മറ്റൊരു നേട്ടമായി ബഷീർ പറയുന്നത്. ഒന്നിലേറെ പ്രാവശ്യം യുഎഇയുടെ രാഷ്ട്രപിതാവിനെ നേരിട്ട് കാണാൻ സാധിച്ചതും അദ്ദേഹത്തിൽ നിന്ന് ആദരവ് സ്വീകരിക്കാൻ സാധിച്ചതും അഭിമാനത്തോടെ ബഷീർ ഓർക്കുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ ഷാജഹാൻ അബുദാബി പൊലീസിൽ ഡ്രൈവറാണ്. മറ്റൊരു സഹോദരൻ നേരത്തെ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് നാട്ടിലേക്കു മടങ്ങി.
ബഷീറിന്റെ ഭാര്യ ജമീലയും കുടുംബവും നേരത്തെ അബുദാബിയിലുണ്ടായിരുന്നു. ഇപ്പോൾ നാട്ടിലാണ്. മൂന്നു മക്കളിൽ മൂത്ത മകൻ നദീർ ദുബായിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനാണ്. രണ്ടാമത്തെയാൾ ബിലാൽ നേരത്തെ ദുബായിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. മൂന്നാമത്തേത് മകൾ ഷെമി. ഖത്തറിൽ എൻജിനീയറാണ്.
ബഷീർ ജൂലൈ ഒന്നിന് നാട്ടിലെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.