പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ വർക്കല അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഒന്നര മണിയോട് കൂടിയാണ് സംഭവം.
ചെമ്മരുതി സ്വദേശിനിയായ യുവതിയുടെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നടയറ സ്വദേശിയായ 19 കാരനായ നൗഫൽ എന്ന യുവാവ് ആണ് പെൺകുട്ടിയുടെ വീട്ടിൽ പുലർച്ചെ ഒന്നര മണിയോടെ എത്തുകയും പെൺകുട്ടിയെ തന്റെ ഒപ്പം ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടത്. തുടർന്ന് വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിക്കുകയും കയ്യിൽ കരുതിയ പെട്രോൾ കുപ്പി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ നൗഫൽ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നും ഒടുവിൽ നൗഫലിന്റെ ശല്യപ്പെടുത്തൽ കാരണം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചിരുന്നുവെന്നുമാണ് വിവരം. തുടർന്ന് വീട്ടുകാർ നൗഫലിനെ പറഞ്ഞു വിലക്കുകയും ചെയ്തിരുന്നത്രെ.
പെൺകുട്ടിയുടെ പ്ലസ്ടു ഓൺലൈൻ പഠന ഗ്രൂപ്പിൽ നിന്നും പെൺകുട്ടിയുടെ സുഹൃത്ത് വഴി മൊബൈൽ നമ്പർ കരസ്ഥമാക്കുകയും മൊബൈലിൽ വിളിച്ചു ശല്യം ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി നൗഫലിനെ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും പെൺകുട്ടിയെ തനിക്ക് ഒപ്പം അയക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ട്കൊണ്ട് അക്രമസക്തനാവുകയുമായിയിരുന്നു.
ബഹളം കേട്ട് സമീപവാസികൾ ഓടി കൂടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തുമ്പോഴും നൗഫൽ അക്രമസക്തനായി നിൽക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അയിരൂർ പോലീസിനോട് താൻ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യും എന്നത് ഉൾപ്പെടെയുള്ള ഭീഷണി മുഴക്കിയെങ്കിലും തന്ത്രപരമായി പോലീസ് പ്രതിയെ കീഴ്പ്പെടുത്തുകിയിരുന്നുവെന്ന് അയിരൂർ എസ്എച്ച്ഒ ഗോപകുമാർ അറിയിച്ചു.
ഓൺലൈനായി കോടതി നടപടികൾ പൂർത്തിയാക്കി പ്രതിയെ റിമാന്റ് ചെയ്തു.