തൊളിക്കോട് : മലയോര മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് കുരങ്ങുശല്യം കൂടുതൽ. പ്രദേശങ്ങളിലെ കൃഷിക്കാരും താമസക്കാരുമാണ് ദുരിതമനുഭവിക്കുന്നത്. കാട്ടുമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോര നിവാസികൾക്ക് കുരങ്ങുശല്യം ഇരട്ടി ദുരിതമായി.
ആദ്യകാലത്ത് ഒന്നോ രണ്ടോ എണ്ണം മാത്രമാണ് നാട്ടിലിറങ്ങിയിരുന്നതെങ്കിൽ ഇന്ന് കൂട്ടമായാണ് എത്തുന്നത്. വേനലായതോടെ എണ്ണത്തിൽ വർധനവുണ്ടായി. കുട്ടികളുമായാണ് സംഘം കാടിറങ്ങുക. വാനരസംഘമിറങ്ങിയാൽപ്പിന്നെ തെങ്ങുകളിൽ കരിക്കുകളുൾപ്പടെയുള്ളവ ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു. മുഴുവൻ നശിപ്പിച്ചതിനു ശേഷമാണ് മടക്കം. മറ്റു കൃഷികൾ നശിപ്പിക്കുന്നതും കുറവല്ല.വീടുകൾക്കുനേരെയും ആക്രമണമുണ്ട്. വീടുകൾക്ക് ഉള്ളിൽക്കടന്ന് ആഹാരപദാർഥങ്ങൾ എടുക്കുക പതിവാണ്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നതായും പരാതിയുണ്ട്.