ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2018 ൽ വീട് കുത്തിതുറന്ന് മോഷണം നടത്തിയ മുട്ടത്തറ, പുതുവൽപുരയിടം വീട്ടിൽ ട്യൂബ് ഖാദർ എന്ന് വിളിക്കുന്ന അബ്ദുൾ ഖാദറിനെ( 29) നാല് വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ പോലീസും ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഇടയ്ക്കോട് ഊരുപൊയ്ക , ഉത്രാടംവീട്ടിൽ ഉഷയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും , ലാപ്ടോപ്പും , സി.ഡി പ്ലയറും ,പണവും ആണ് അന്ന് മോഷണം പോയത്. സംസ്ഥാനത്ത് ഉടനീളം അനവധി മോഷണകേസ്സുകളിലെ പ്രതിയായ ഖാദറിന്റെ നേതൃത്വലുള്ള സംഘം കഴിഞ്ഞമാസം പൂജപ്പുരയിലെ ചൈൽഡ് വെൽഫെയർ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകളും , പ്രൊജക്ടറും അടക്കം കവർച്ച നടത്തിയിരുന്നു. ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൂജപ്പുര പോലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ.
തിരുവനന്തപുരം ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും മോഷണകേസ്സുകളിലേക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളെ തിരുവനന്തപുരം സിറ്റി പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിച്ച് വരുകയായിരുന്നു. തമിഴ്നാട്ടിലും കൊല്ലം ,ആലപ്പുഴ , എറണാകുളം , തൃശൂർ ജില്ലകളിലെയും നിരവധി മോഷണകേസ്സുകളിലെ പ്രതിയാണ് ഇയാൾ. എറണാകുളം ജില്ലയിൽ ആലുവ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് കുത്തിതുറന്ന് വൻമോഷണം നടത്തിയതും ഇയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ് സുനീഷ് ബാബുവിന്റെയും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് മോഷണസംഘങ്ങൾക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാൾ പിടിയിലായത്. സമീപകാലത്ത് പട്ടണത്തിൽ മോഷണ പരമ്പര നടത്തിയ സംഘവും പോലീസ് പിടിയിലായിരുന്നു.
ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഡി.മിഥുൻ സബ്ബ് ഇൻസ്പെക്ടർമാരായ പി.ആർ.രാഹുൽ ,ബി.ബിനിമോൾ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം. ഫിറോസ് ഖാൻ ,എ.എസ്.ഐ മാരായ ബി.ദിലീപ് ,ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിദഗ്ദമായി അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന വിശദ അന്വേഷണങ്ങളിലൂടെ ഇയാളുടെ കൂട്ടാളികളെ പിടികൂടാനാകുമെന്നും , ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.