കല്ലമ്പലം: ദേശീയപാത വഴി കടന്നു പോകുന്ന ഐ.എസ്.ആർ.ഓയ്ക്ക് വേണ്ടിയുള്ള കൂറ്റൻ കാർഗോ നാട്ടുകാർക്ക് കൗതുകമായി. ഐ.എസ്.ആർ.ഒ യുടെ വിൻ ടണൽ പ്രോജക്റ്റിനു വേണ്ടിയുള്ള കൂറ്റൻ സിൻടാക്സിൻ ചേംബറുകൾ കയറ്റിയ രണ്ട് ആക്സിലുകളാണ് ദേശീയപാത വഴി തിരുവനന്തപുരത്തേക്കു കൊണ്ടു പോകുന്നത്. പൂനെയിലെ വാൾച്ചിൻ നഗർ ഇൻഡസ്ട്രീസിൽ നിന്ന് 260 കിലോമീറ്റർ റോഡ് മാർഗ്ഗം മുംബൈയിൽ എത്തിച്ചു. ബാർജ് വഴി കൊല്ലം തങ്കശ്ശേരി തുറമുഖത്തെത്തിച്ച ശേഷമാണ് ഈ യാത്ര. 44 ചക്രങ്ങളാണ് 150 ഉം 159 ഉം ടൺ ഭാരമുള്ള രണ്ട് ചേംബറുകൾ കയറ്റിയ ആക്സിലുകൾക്കുള്ളത്. ഓരോ ദിവസവും 8 മണിക്കൂർ യാത്ര ചെയ്ത് 28 ന് ഐ.എസ്.ആർ.ഒയിൽ എത്തിക്കാനാണ് ശ്രമമെന്ന് കാർഗോ ഏജൻസിയായ ടാറ്റാ കൺസൾട്ടിയുടെ ഉദോഗസ്ഥൻ വിമൽ കുമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ തിരുവനന്തപുരം ജില്ലാതിർത്തിയിലേക്ക് കടന്ന വാഹനവ്യൂഹം തട്ടുപാലത്ത് പാർക്ക് ചെയ്ത ശേഷം ബുധനാഴ്ച രാവിലെ യാത്ര തുടരും. സാഹചര്യമുള്ളിടങ്ങളിൽ ഗതാഗതം തിരിച്ചുവിട്ടും നിയന്ത്രണമേർപ്പെടുത്തിയും പോലീസും വൈദ്യുത ബോർഡും കാർഗോ കടന്നു പോകുന്നതിനായി പരിശ്രമിച്ചു.
ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.