നഗരൂർ : നിരവധി പേരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നഗരൂർ പോലീസ് പിടികൂടി. നഗരൂർ , നെടുമ്പറമ്പ്, റീനാഭവനിൽ റിജു (36)ആണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. നഗരൂർ നന്ദായിവനം മകയിരം വീട്ടിൽ ജനീജയുടെ പക്കൽ നിന്നും നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തികളെയും , സ്ഥാപന ഉടമകളെയും സമീപിച്ച് അടുപ്പംകാട്ടുന്ന പ്രതി ഇവരെ കൈയിൽ എടുക്കുകയും തുടർന്ന് ഭാര്യക്കും കുട്ടിക്കും മാരക രോഗമാണെന്നും ചികിത്സക്ക് പണമില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായും, ഹാർഡ് വെയർ കടകളിൽ നിന്നും പെയിന്റും മറ്റ് സാധനങ്ങളും പണം പിന്നെ നൽകാം എന്ന വ്യവസ്ഥയിൽ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നും. 25 ശതമാനം വരെ പലിശ നൽകാമെന്ന ഉറപ്പിലും പണം തട്ടിയെടുത്തെന്നും ഇതിനകം പത്തരലക്ഷം രൂപയിലധികം ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. പണം നഷ്ടമായ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്. പണം തട്ടിയെടുത്തതിന് ശേഷം ഒളിവിൽ പോയ ഇയാളെ ആറ്റിങ്ങൽ ഡി വൈ എസ് പി ഫേമസ് വർഗീസിന്റെ നിർദ്ദേശ പ്രകാരം നഗരൂർ എസ് എച്ച് ഒ ആർ രതീഷ്കുമാർ, എ എസ് ഐമാരായ രാധാകൃഷ്ണൻ, സുനിൽകുമാർ ,സീനിയർ സീവിൽ പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണലാൽ, സാംജിത്ത് , പ്രവീൺ, ജയചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.