പതിനൊന്ന് വയസ്സുകാരിയെ ആക്രമിച്ച 70കാരന് കോടതി ശിക്ഷ വിധിച്ചു

ei3EAYT26549

 

വർക്കല : പതിനൊന്ന് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കുറ്റത്തിന് പ്രതിക്ക് ഒൻപത് വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചു കയറിയ പ്രതി മൈനറായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലാണ് റാത്തിക്കൽ സ്വദേശിയായ മുണ്ട സലിം എന്ന് വിളിപ്പേരുള്ള സലിം (70) എന്നയാളെ കഠിന തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി(പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ ടി.പി ഉത്തരവായത്.

ഇന്ത്യൻ ശിക്ഷാനിയമം 452, 354 A (2), പോക്സോ നിയമം 7, 8 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ഇന്ത്യൻ ശിക്ഷാനിയമം 452 പ്രകാരം 5 വർഷം കഠിന തടവിനും പതിനായിരം രൂപ പിഴ ശിക്ഷയ്ക്കും, പോക്സോ നിയമം വകുപ്പ് 8 പ്രകാരം നാല് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴശിക്ഷയ്ക്കുമാണ് കോടതി വിധിയുത്തരവായത്.
ശിക്ഷ ഒരേ കാലാവധിയിൽ പൂർത്തിയാക്കണമെന്നും, പിഴ തുക അതിക്രമത്തിന് വിധേയയായ കുട്ടിക്ക് നൽകണമെന്നും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
പ്രോസിക്യൂഷൻ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും, പന്ത്രണ്ട് രേഖകൾ ആധാരമാക്കുകയും ചെയ്ത കേസിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
വർക്കല പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹ്സിൻ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!