പള്ളിച്ചൽ : ദേശീയപാതയിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ അടുത്തടുത്ത മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം. അനിൽ സ്റ്റോറിൽ നിന്ന് 22,000 രൂപ കവർന്നു. ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് അകത്തു കയറിയത്. ഇവിടെ നിന്ന് ശീതളപാനീയവും കേക്കും കഴിക്കുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. അകത്തെ മുറി തുറക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. കുറച്ച് നാണയത്തുട്ടുകൾ ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത ടെക്നോ ഗാലക്സി എന്ന മൊബൈൽ ഷോപ്പിലും ലുലു ഫുട്‌വെയർ ഷോപ്പിലും കയറാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബുധനാഴ്ച രാത്രിയിലാണ് സംഭവം. അനിൽ സ്റ്റോർ ഉടമ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നേമം ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇവിടെ നിന്ന് മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര പൊലീസ് കണ്ടെടുത്തിട്ടുണ്ട്.