ചിറയിൻകീഴിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ തൊണ്ടലിൽ ദേവീ ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ വിജേഷിനെയാണ് (25) ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തത്. ചിറയിൻകീഴ് ആൽത്തറമൂട് കൃഷ്ണൻ കോവിലിന് സമീപം കാളിയൻവിളാകം വീട്ടിൽ വൈശാഖിന്റെ വീടാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം അടിച്ചുതകർത്തത്. വീടിന്റെ ജനാലകളും മീറ്റർ ബോക്സും മുറ്റത്തിട്ടിരുന്ന ആക്ടിവ സ്കൂട്ടറും സൈക്കിളും പ്രതികൾ തകർത്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിന് ശേഷം കൊല്ലത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.ഐ വിനീഷ് വി.എസ്, എ.എസ്.ഐമാരായ ദിലീപ്, ഷജീർ, എസ്.സി.പി.ഒമാരായ അഷിം, സന്തോഷ് ലാൽ, സി.പി.ഒമാരായ സുനിൽ രാജ്, സുധീർ, അനസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
