കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫാേമിൽ ട്രയിനുകൾ നിറുത്തണമെന്ന ആവശ്യം റയിൽവേ പരിഗണിക്കുന്നില്ല. യാത്രക്കാരുടെ ഇൗ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റയിൽവെ സ്റ്റേഷന് അടുത്ത് ട്രാക്കിന് വളവുണ്ടെന്നും ഒന്നാം നമ്പർ പ്ലാറ്റ്ഫാേമിൽ ട്രയിൻ നിറുത്തിയാൽ സമയനഷ്ടമുണ്ടാകുമെന്നുമാണ് റെയിവെയുടെ വാദം.
സ്റ്റേഷനടുത്ത് തന്നെ ട്രാക്കിന് വളവുളള പല സ്റ്റേഷനുകളിലും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിറുത്തുന്നുണ്ട്. എന്നാൽ കടയ്ക്കാവൂരിനോടു മാത്രമാണ് ഈ അവഗണന.റെയിൽവെയുടെ ആരംഭകാലം മുതലുള്ള സ്റ്റേഷനാണിത്. എ ക്ളാസ് സ്റ്റേഷൻ എന്ന ബഹുമതിയുമുണ്ട്. ക്രോസിഗ് സ്റ്റേഷൻ കൂടിയാണ്.
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലുള്ള പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനും വരുമാനത്തിന്റെ കാര്യത്തിലും മുൻ പന്തിയിലുള്ളതുമാണ് ഈ സ്റ്റേഷൻ.ദീർഘദൂര സർവീസുകൾ ഒന്നാം നമ്പർ പ്ലാറ്റ് ഫാേമിൽ നിറുത്തുന്നത് സമയനഷ്ടമാണെന്നിരിക്കെ പല സ്റ്റേഷനിലും പിടിച്ചിടുന്ന പാസഞ്ചറുകൾ പോലും ഒന്നാം നമ്പർ പ്ലാറ്റ് ഫാേമിൽ നിറുത്താത്തതിന്റെ കാരണമാണ് യാത്രക്കാർ ചോദിക്കുന്നത്.
ഒന്നാം നമ്പർ പ്ലാറ്റ്ഫാേമിലാണ് റെയിൽവെ സ്റ്റേഷനും ടിക്കറ്റ് കൗണ്ടറും യാത്രക്കാരുടെ വിശ്രമമുറിയും പ്രവർത്തിക്കാത്ത ക്യാന്റീനും ശൗചാലയവും സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ വാഹനങ്ങളിൽ വന്നിറങ്ങി പുറത്തുള്ള കടകളിൽ നിന്ന് ആഹാരം കഴിച്ച് ഒന്നാം നമ്പർ പ്ലാറ്റ് ഫാോമിലെത്തി ടിക്കറ്റെടുത്ത് മേൽപ്പാലത്തിലുടെ രണ്ടും മൂന്നും പ്ലാറ്റ് ഫാേമിലെത്തി വേണം ട്രെയിനിൽ കയറേണ്ടത്. പ്രായാധിക്യമുള്ള യാത്രകാർ മേൽപ്പാലത്തിലുടെ കയറി രണ്ടും മൂന്നും പ്ലാറ്റ് ഫോമിലെത്തുന്ന കാഴ്ച് ദയനീയ മാണ്. ഇനിയെങ്കിലും ഒന്നാം നമ്പർ പ്ലാറ്റ് ഫാമിൽ ട്രയിനുകൾ നിറുത്താൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.