പാലോട്: സ്ഥലം ഉടമ അറിയാതെ നാലുലക്ഷത്തിലധികം വിലവരുന്ന ആഞ്ഞിലി, തേക്ക് മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച തോട്ടംമേൽനോട്ടക്കാരനും ടാപ്പിങ് തൊഴിലാളിയുമടക്കം മൂന്നുപേർ പാലോട് പോലീസിന്റെ പിടിയിലായി.
പെരുംകുളം വില്ലേജിൽ കാവനാട്ടുകോണം തെക്കേക്കര പുത്തൻവീട്ടിൽ ആർ.ദേവരാജൻ(82), പാങ്ങോട് പാലുവള്ളി അഭിജിത് ഭവനിൽ ടി.സുകു(52), നെല്ലനാട് കാന്തലക്കോണം ചരുവിള വീട്ടിൽ ബി.ബിജു(31) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലായിൽ സ്വദേശി റഹീമിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലോട് പാപ്പനംകോട് റോഡിൽ കുമാരപുരം വെട്ടിക്കുന്ന് പദ്മഗിരിയിൽ ഡി.രത്നകുമാറിന്റെ വസ്തുവിൽനിന്ന മരങ്ങളാണ് അഞ്ചംഗസംഘം മുറിച്ചുകടത്താൻ ശ്രമിച്ചത്. തോട്ടത്തിന്റെ മേൽനോട്ടം വർഷങ്ങളായി ദേവരാജനെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾ ടാപ്പിങ് തൊഴിലാളിയായ ബിജുവുമായി ചേർന്ന് തടി വിൽപ്പനക്കാരനായ സുകുവിന്റെ സഹായത്തോടെ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു.
വിൽപ്പന നടത്തിയെന്ന മറവിലാണ് സമീപവാസിയായ മറ്റൊരാളിന്റെ സഹായത്തോടെ ഇവർ മരങ്ങൾ മുറിച്ച് ലോറിയിൽ കയറ്റി കടത്താൻ ശ്രമിച്ചത്. സംശയംതോന്നിയ പരിസരവാസികൾ സ്ഥലം ഉടമ രത്നകുമാറിനെ വിവരമറിയിച്ചു. ഇദ്ദേഹം പാലോട് പോലീസ് സ്റ്റേഷനിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലോട് സി.ഐ. വി.ഷിബുകുമാർ, എസ്.ഐ. മധുപൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ലോറിയും കടത്താൻ ശ്രമിച്ച തടികളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
								
															
								
								
															
				

