കാരേറ്റ് – ചിറ്റാർ റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം വേഗത്തിൽ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിച്ച് പ്രശ്‌നപരിഹാരത്തിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാരേറ്റ്-ചിറ്റാർ റോഡിൽ പരിശോധന നടത്തുകയായിരുന്നു മന്ത്രി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകളുടെ നിർമ്മാണം പരിഗണനയിലാണെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എമാരായ ഡി.കെ മുരളി, ഒ.എസ്.അംബിക എന്നിവരുടെ ആവശ്യത്തെ തുടർന്നാണ് മന്ത്രി റോഡ് പരിശോധനയ്ക്കായി എത്തിയത്. റോഡിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഡി.കെ മുരളി എം.എൽ.എ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ലിസി തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.