വർക്കല: വികസന സാദ്ധ്യതകളുള്ള വർക്കലയിലെ കായൽ ടൂറിസം പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നു. പാപനാശം വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപ പഞ്ചായത്തുകളിൽ കായൽ ടൂറിസം പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന സർക്കാർ പ്രഖ്യാപനമാണ് ഫയലുകളിൽ ഒതുങ്ങിയത്. ഇടവ പഞ്ചായത്തിൽ കായൽ ടൂറിസത്തിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട വെറ്റക്കട കൊച്ചുകായൽ ടൂറിസം പദ്ധതി പാതിവഴിയിലാണ്. വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ടുകളും ഇതിനായി വിനിയോഗിച്ചിരുന്നു. എന്നാൽ ചില നിർമ്മാണങ്ങൾ നടത്തിയതല്ലാതെ പദ്ധതി പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്‌തമായ പദ്ധതിയായിരുന്നു വെറ്റക്കട ടൂറിസം പദ്ധതി. വിശാലമായ ഈ പ്രദേശത്ത് മണൽമൂടി നികന്നു പോകാതെ സംരക്ഷിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. ഇലകമൺ – ഹരിഹരപുരം കായലോര ടൂറിസം പദ്ധതിയും പഠനങ്ങളിലും ടൂറിസം വകുപ്പിന്റെ സന്ദർശനങ്ങളിലും മാത്രം ഒതുങ്ങി. ഇടവ, ഇലകമൺ, ഹരിഹരപുരം, ചെറുന്നിയൂർ, അകത്തുമുറി, പണയിൽകടവ്, പുത്തൻകടവ്, പൊന്നിൻതുരുത്ത്, മൂങ്ങോട്, കുളമുട്ടം തുടങ്ങിയ കായലോരങ്ങളിലും ടൂറിസം പദ്ധതികൾ നടപ്പാക്കാൻ കഴിയുമായിരുന്നു. പഞ്ചായത്തുകളുടെ ഇടപെടൽ വഴി പദ്ധതികൾ നടപ്പാക്കിയാൽ വർക്കലയിലെ ടൂറിസം രംഗത്ത് മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ