സ്വാതന്ത്ര്യം നേടി 100 വർഷം തികയുമ്പോൾ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന സ്വപ്നം ഇന്ത്യൻ പ്രധാനമന്ത്രിയുമായി പങ്കുവെച്ച് കൊച്ചു കൂട്ടുകാർ. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര തപാൽ വകുപ്പും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ആസാദി കാ അമൃത മഹോൽസവത്തിൻ്റെ ഭാഗമായാണ് വാമനപുരം ഡി.ബി.എച്ച്.എസിലെ യു.പി., ഹൈസ്കൂൾ വിഭാഗം കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തുകളെഴുതിയത്. വിദ്യാലയത്തിൽ നിന്നും നൽകിയ പോസ്റ്റ് കാർഡുകളിലാണ് കത്തുകൾ തയ്യാറാക്കിയത്. പുതുതലമുറക്ക് അപരിചിതമായ പോസ്റ്റ് കാർഡിൽ ആദ്യമായി കത്തെഴുതിയതിൻ്റെ ആഹ്ളാദത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.