ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനു ശാന്തിക്ക് സുപ്രീം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചു. നേത്രരോഗത്തിന് ചികിത്സ തേടാനാണ് അനുശാന്തിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നുമാണ് അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോൾ നൽകിയത്.
ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് അനുശാന്തിക്ക് പരോൾ നൽകിയത്. 2014 ഏപ്രിൽ 16നാണു കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.