നഗരൂർ :നഗരൂരിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന ആക്രമണത്തിൽ പ്രതികളെ പിടികൂടി. 12 പ്രതികളെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ, ഊന്നൻകല്ല് , അഫ്സൽ മൻസിലിൽ അച്ചു എന്ന് വിളിക്കുന്ന അഫ്സൽ (19), പുതിയകാവ്, നെല്ലിക്കാട്ടിൽ വീട്ടിൽ സൂരജ്(22), പുതിയകാവ്, ഇടുപടിക്കൽ വീട്ടിൽ നജീബ്(22), വെള്ളല്ലൂർ മാടപ്പാട്, മലവിള അഭിമന്ദിരം വീട്ടിൽ അഭിറാം(19), വെള്ളല്ലൂർ രാലൂർകാവ് വിളയിൽ വീട്ടിൽ കുക്കുടു എന്ന് വിളിക്കുന്ന ശ്യാം(26), ഊന്നൻകല്ല് അത്തം നിവാസിൽ ലല്ലു എന്ന് വിളിക്കുന്ന ആകാശ്(28), ഊന്നൻകല്ല് ആര്യ ഭവനിൽ വാവ എന്ന് വിളിക്കുന്ന അരുൺ (26), ഊന്നൻകല്ല് സുനിത ഭവനിൽ വിഷ്ണു(30), മുളയ്ക്കലത്തുകാവ് പ്രസന്ന ഭവനിൽ സജീഷ്(26), ഊന്നൻകല്ല് എൻഎസ് മന്ദിരത്തിൽ സൂരജ്(41), ഊന്നൻകല്ല് തെക്കതിൽ വീട്ടിൽ ലാലു (41), ഊന്നൻകല്ല് അത്തം വീട്ടിൽ അഭിമന്യു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. വെള്ളല്ലൂർ ഊന്നൻകല്ല് സ്വദേശിയായ അഫ്സലും സുഹൃത്തുക്കളായ സൂരജ്, നജീബ്, അഭിറാം എന്നിവർ ചേർന്ന് അഫ്സലിന്റെ വീട്ടിൽ ക്രിസ്തുമസ് ആഘോഷം നടത്തുകയായിരുന്നു. വീടിന്റെ മുന്നിൽ നിന്ന അഫ്സലിന്റെ സുഹൃത്തുക്കൾ അതുവഴി ബൈക്കിൽ വന്ന വിഷ്ണു, നിധീഷ് എന്നിവരെ തടഞ്ഞു നിർത്തി മാരകമായി ആക്രമിച്ചു. ഒരു വർഷം മുമ്പ് അഫ്സലിന്റെ സുഹൃത്ത് സൂരജിനെ ദേഹോപദ്രവം ഏൽപ്പിച്ചതിലുളള മുൻവൈരാഗ്യം കാരണമാണ് അഫ്സലും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെയും നിധീഷിനെയും ആക്രമിച്ചത്.
തുടർന്ന് മർദ്ദനമേറ്റ വിഷ്ണു സംഘമായി തിരിച്ചെത്തി അഫ്സലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അഫ്സലിനെയും മാതാവിനെയും സുഹൃത്തുക്കളെയും മാരകമായി ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരൂർ പോലീസ് ഇരുകൂട്ടരുടെയും പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കും ചെയ്തു.