നെടുമങ്ങാട് പഴകുറ്റി മുതൽ വെമ്പായം മംഗലാപുരം വരെയുള്ള റോഡാണ് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 20 കിലോമീറ്ററോളം നീളമുള്ള രണ്ടുവരി പാതയായി വികസിപ്പിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനായി 121 കോടി രൂപയാണ് സാമ്പത്തിക അനുമതി ലഭ്യമായത്. ഒന്നാംഘട്ടമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള എഴു കിലോമീറ്റർ റോഡ് വികസനത്തിനായി 34 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ആദ്യഘട്ട വികസനത്തിന്റെ ഭാഗമായാണ് പതിറ്റാണ്ട് പഴക്കമുള്ള പഴകുറ്റിപ്പാലം പൊളിച്ചു തുടങ്ങിയത്. പാലം പൊളിച്ചതോടെ ബദൽ ഗതാഗത സൗകര്യം ഒരുക്കുകയും നെടുമങ്ങാട്ട് നിന്നും വെ മ്പായത്തേക്ക് പോകുന്ന വാഹനങ്ങൾ വാളികോട് നിന്നും ചെന്തുപൂരിൽ എത്തി ഇരിഞ്ചയം വഴി വെമ്പായത്തെത്തണം. വെമ്പായത്ത് നിന്ന് നെടുമങ്ങാടേക്ക് വരുന്ന വാഹനങ്ങൾ വേങ്കവിള നിന്ന് തിരിഞ്ഞ് മൂഴി, പുത്തൻപാലം വഴി എത്തിപ്പെടാവുന്നതാണ് . കാൽ നടയാത്രക്കാർക്കായി സമീപത്ത് നടപ്പാലവും ഒരിക്കിയിട്ടുണ്ട്. കഴിഞ്ഞ 20ന് പാലം പൊളിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നടപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വൈകുകയായിരുന്നു. ഒരു മുന്നറിയിപ്പില്ലാതെ പാലം പൊളിച്ചത് അറിയാതെ വന്ന വാഹനങ്ങൾ ഗതാഗതക്കുരിക്കിൽ അകപ്പെട്ടു.