നാവായിക്കുളം : നാവായിക്കുളം നൈനാംകോണത്ത് പുതുവർഷ ആഘോഷത്തിനിടെ നാവായിക്കുളത്ത് സാമൂഹിക വിരുദ്ധരുടെ അതിക്രമം. 2021 ഡിസംബർ 31നു രാത്രി 12 മണിയോടെ 20 ഓളം പേരടങ്ങുന്ന സംഘമാണ് വീടുകൾക്ക് നേരെ അക്രമം നടത്തുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. നൈനാംകോണം അപൂപ്പൻ കാവിനോട് ചേർന്നുള്ള സുലേഖയുടെ പേരിലുള്ള വസ്തുവിൽ നിർമിച്ചിരുന്ന ചുറ്റുമതിലും സമീപത്തെ വീടുകളിലെ ഓടും ചെടി ചട്ടിയും മറ്റും അക്രമികൾ തകർത്തു. അർദ്ധരാത്രി വലിയ രീതിയിൽ ബഹളം വെച്ചും അസഭ്യം പറഞ്ഞും അക്രമികൾ പ്രദേശത്ത് അഴിഞ്ഞാടി. രാത്രി കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ 10 മണിക്ക് ശേഷം ആരും പുറത്തിറങ്ങാൻ പാടില്ലെന്ന നിർദേശം നിലവിൽ നിൽക്കെയാണ് വലിയൊരു സംഘം അർദ്ധരാത്രി നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.
എന്നാൽ സംഭവ സമയത്ത് സ്ഥലവാസിയായ ഒരാൾ കല്ലമ്പലം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തുമെന്ന് പറഞ്ഞതല്ലാതെ പോലീസ് എത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം ഇന്ന് രാവിലെ കല്ലമ്പലം സിഐ സ്ഥലം സന്ദർശിച്ചു അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.