‘വായന ഇവിടെ സീരിയസ് ആണ്’- മികച്ച 3 പദ്ധതികളുമായി വിതുര സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും

Attingal vartha_20260620_174932_0000

വായന ദിനത്തിൽ മികച്ച മൂന്ന് പദ്ധതികൾ വിജയിപ്പിച്ചെടുത്തതിലുള്ള സന്തോഷത്തിലാണ് വിതുര സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും. 2015 ൽ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആരംഭിച്ച പുസ്തകത്തൊട്ടിലിൽ ഇതുവരെ നിരവധി പുസ്തകങ്ങളാണ് സ്‌കൂളിന് ലഭിച്ചത്. ജന്മദിനത്തിലും വിശേഷ ദിവസങ്ങളിലും വിദ്യാർഥികൾ സ്‌കൂളിലെ പുസ്തകത്തൊട്ടിലിൽ നൽകാറുണ്ട്. എല്ലാ വർഷവും പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ എൻറോൾ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും പുസ്തകത്തൊട്ടിലിൽ പുസ്തകങ്ങൾ നൽകുന്നുണ്ട്.

അക്ഷര ദീപ്തി

പുസ്തകത്തൊട്ടിലിൽ പുസ്തകങ്ങൾ എത്തിത്തുടങ്ങിയതോടെ വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനായി എന്ത് ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് അക്ഷര ദീപ്തി എന്ന പേരിൽ എല്ലാ മാസവും മലയാളം, ഇംഗ്ലീഷ് വായന കുറിപ്പുകൾക്ക് സമ്മാനവും ക്യാഷ് പ്രൈസും നൽകുന്ന ഒരു പദ്ധതി കൂടി സ്കൂളിൽ ആരംഭിച്ചത്. നാലു വർഷമായി മുടങ്ങാതെ നടന്നു വരുന്ന ഈ പദ്ധതിയിൽ സ്‌കൂളിലെ 1981 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട് അംഗങ്ങളും പങ്കാളികളാണ്.

അമ്മവായന

വിദ്യാർത്ഥികൾക്ക് പുറമെ തുടർന്ന് രക്ഷിതാക്കളെ കൂടി വായനയുടെ ഭാഗമാക്കുന്നതിനു വേണ്ടി 2023 ൽ “അമ്മ വായന” പദ്ധതിയും സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർഥികളോടൊപ്പം രക്ഷിതാക്കൾക്കും സ്കൂളിലെ അക്ഷര ദീപ്തി ബോക്സിൽ അവരുടെ വായന കുറിപ്പുകൾ നിക്ഷേപിക്കാം. എല്ലാ മാസവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വായന കുറിപ്പുകൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും ലഭിക്കും. അമ്മ വായനയ്ക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത് സ്‌കൂളിലെ അധ്യാപകരാണ്.

വായനയിൽ ബംബർ അടിച്ച് വിനീതയും അമ്മ മിനിയും

2025 ലെ സ്കൂളിലെ ഏറ്റവും മികച്ച വായനക്കാരി പത്താം ക്ലാസിലെ കുമാരി വിനീതയാണ്. പഠനത്തിൽ മുന്നിൽ നിൽക്കുന്ന വിനീത വായനയിലും എ പ്ലസുകാരിയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മികച്ച വായനക്കുറിപ്പുകൾക്ക് നിരവധി തവണയാണ് വിനീത ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും വാരിക്കൂട്ടിയത്. എസ്.എസ്. എൽ. സി പരീക്ഷയുടെ തിരക്കേറിയ സമയത്തും വിനീത വായന നിർത്തിയിട്ടില്ല.

വിതുര സ്‌കൂളിലെ “അമ്മ വായന” യിലൂടെ മികച്ച വായനക്കാരിയായി മാറിയ ശ്രീമതി. മിനി എസ് ആണ് 2025 ലെ ഏറ്റവും മികച്ച വായനക്കാരിയായി തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാവ്. പദ്ധതി തുടങ്ങിയ ശേഷം പതിനഞ്ചിലധികം പുസ്തകങ്ങൾ വായിക്കുകയും വായന കുറിപ്പുകൾ എഴുതുകയും ചെയ്തതിലൂടെയാണ് മിനി. എസ്. ഏറ്റവും മികച്ച വായനക്കാരിയായ രക്ഷിതാവിനുള്ള സമ്മാനത്തിന് അർഹയായത്. മികച്ച വായനക്കാരിയായി തിരഞ്ഞെടുക്കപ്പെട്ട വിനീതയുടെ മാതാവാണ് മിനി.

വായന പ്രോത്സാഹിപ്പിക്കാൻ പൂർവ്വ വിദ്യാർത്ഥികളും

1981 എസ്. എസ്. എൽ. സി ബാച്ചിലെ പൂർവ്വ വിദ്യാർഥികളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നേതൃത്വം നൽകുന്ന പുസ്തകത്തൊട്ടിൽ പദ്ധതിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സഹായം നൽകി കൂടെയുണ്ട്. അക്ഷര ദീപ്തി പദ്ധതി ആരംഭിക്കാൻ സഹായിച്ചതും ഇവരാണ്.എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിതുര അശോക്, അധ്യാപകനായ ജയൻ മഹാത്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവാസികൾ അടക്കം വായന കുറിപ്പുകൾക്ക് സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും, ബംബർ പ്രൈസുകളും സ്പോൺസർ ചെയ്യുന്നുണ്ട്.

2026 ലെ വായന ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പുസ്തകത്തൊട്ടിലിലേക്ക് സമർപ്പിച്ച പുസ്തകങ്ങൾ വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്. ഏറ്റുവാങ്ങി. എഴുത്തുകാരി ആര്യ ഭുവന ചന്ദ്രൻ മുഖ്യ അഥിതിയായി.പി. റ്റി. എ. പ്രസിഡന്റ് അശോകൻ, എസ്. പി. സി. ഓഫീസർമാരായ പ്രിയ. ഐ. വി. നായർ, അൻവർ കെ,ലൈബ്രറി ഇൻ ചാർജ് മനോജ്‌ പി. എസ്, സ്റ്റാഫ് സെക്രട്ടറി എം. എൻ.ഷാഫി,എസ്. എം. സി. അംഗം രാവിബാലൻ, എസ്. ആർ. ജി. കൺവീനർ ഷിബു,ലൈബ്രേറിയൻ വിജി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!