
കിളിമാനൂർ: കത്തുകളിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്ന പഴമയുടെ ‘അഞ്ചൽ’ പെരുമയും ആധുനിക തപാൽ സേവനങ്ങളുടെ വിശേഷങ്ങളും നേരിട്ടറിഞ്ഞ് കിളിമാനൂർ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ. ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി കിളിമാനൂർ പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച വേറിട്ട പഠനയാത്ര കുരുന്നുകൾക്ക് പുതിയ അനുഭവമായി.
പണ്ടുകാലത്ത് നാട്ടുരാജ്യങ്ങളിൽ സന്ദേശങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചിരുന്ന പാരമ്പര്യ തപാൽ രീതിയായ ‘അഞ്ചൽ’ വ്യവസ്ഥയെക്കുറിച്ചും അഞ്ചലോട്ടക്കാരെക്കുറിച്ചുമുള്ള വിവരണങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. മൂന്നാം ക്ലാസിലെ ‘മൈനയ്ക്കൊരു കത്ത്’, നാലാം ക്ലാസിലെ ‘അമ്പിളിമാമനൊരു കത്തെഴുതാം’ എന്നീ മലയാളം പാഠഭാഗങ്ങളിലെ കത്തെഴുതുന്ന രീതിയും ഇൻലാൻഡ്, എൻവലപ്പ് ഫോർമാറ്റുകളും നേരിട്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം ഒരുക്കിയത്.
സന്ദർശനത്തിനെത്തിയ വിദ്യാർത്ഥികളെ പോസ്റ്റ് ഓഫീസ് ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. പോസ്റ്റ് ബോക്സിൽ വീഴുന്ന കത്തുകൾ ശേഖരിക്കുന്നത് മുതൽ അവ വിലാസക്കാരന്റെ കൈകളിൽ എത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ പോസ്റ്റ്മാസ്റ്റർ ജെ.ബി. സുഗതകുമാർ വിശദീകരിച്ചു നൽകി. കത്തുകൾ തരംതിരിക്കൽ, സീൽ പതിപ്പിക്കൽ, കൃത്യമായ പിൻകോഡിന്റെ പ്രാധാന്യം, വിവിധ തരം പോസ്റ്റൽ സ്റ്റാമ്പുകൾ എന്നിവ കുട്ടികൾ നേരിട്ട് കണ്ടറിഞ്ഞു.

സീനിയർ അസിസ്റ്റന്റ് നിസ എസ്, അധ്യാപകരായ ഹരിപ്രിയ എ.എസ്, അൻസി എം സലിം, പോസ്റ്റ് ഓഫീസ് ജീവനക്കാർ എന്നിവർ പഠനസന്ദർശനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ കത്തെഴുത്ത് സംസ്കാരവും നിരീക്ഷണപാടവവും ചരിത്രാവബോധവും വളർത്താൻ സഹായിച്ച പ്രവർത്തനം ശ്രദ്ധേയമായി.


