Search
Close this search box.

സ്വപ്നപദ്ധതിക്ക് തുടക്കം; കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആര്യനാട് പഞ്ചായത്തിൽ

IMG-20230502-WA0063

ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ജനസൗഹൃദമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി മാതൃകാ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാർഡ് തലത്തിൽ പഞ്ചായത്ത് സേവനങ്ങൾ ലഭ്യമാക്കുന്ന ഗ്രാമഭവനുകൾക്ക് തുടക്കമിട്ട ആര്യനാട് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.

ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമാണ് ഗ്രാമഭവനുകൾ. ഗ്രാമപഞ്ചായത്തിന്റെ 18 വാർഡുകളിലും ഗ്രാമഭവനുകളിലൂടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. പരിശീലനം നേടിയ ഗ്രാമസഹായികളെ ഇതിനായി നിയോഗിക്കും. ഇവർക്ക് തിരിച്ചറിയൽകാർഡുകൾ നൽകിയിട്ടുണ്ട്. വാർഡിലെ ജനപ്രതിനിധികളുടെ ഓഫീസായും അഗ്രോ ക്ലിനിക്കുകൾ, ആരോഗ്യ സബ് സെന്ററുകൾ, അങ്കണവാടി എന്നീ സ്ഥാപനങ്ങളുടെയും ഗ്രാമപഠന കേന്ദ്രം, വിജ്ഞാന കേന്ദ്രം, വാതിൽപ്പടി സേവനം, കോർണർ പി.റ്റി.എ. വാർഡ് തല പുസ്തകശാല, കുടുംബശി എ.ഡി.എസ്., വാർഡ് ആസൂത്രണ സമിതി, ജാഗ്രതാ സമിതി, ഗ്രാമസഭ, ഹരിതകർമ്മ സേന, ആരോഗ്യസേന, സാനിറ്റേഷൻ കമ്മിറ്റി, സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനാ സംവിധാനങ്ങളുടെ ഏകോപന കേന്ദ്രമായും ഗ്രാമഭവനുകൾ പ്രവർത്തിക്കും. ഇതര വകുപ്പിലെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി വാർഡ്തല സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററും ഗ്രാമഭവനിൽ ഒരുക്കും.

ഹരിതകർമ്മസേന അംഗങ്ങളെ ആദരിച്ചു

അജൈവമാലിന്യമുക്ത അരുവിക്കര എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഗ്രീൻ അരുവിക്കര ശുചിത്വ ക്യാമ്പയിന്റെ സമാപനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനായി പ്രവർത്തിച്ച ഹരിതകർമ്മസേന അംഗങ്ങളെ മന്ത്രി ആദരിച്ചു.

മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെയും ശുചിത്വമിഷന്റെയും ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഒരുമാസം നീണ്ടു നിന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഹരിതകർമ്മസേനയുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ 122.29 ടൺ മാലിന്യമാണ് നീക്കിയത്.

ആര്യനാട് ഗവൺമെന്റ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!