360 ഡിഗ്രിയില്‍ വട്ടം കറങ്ങിയാല്‍ നല്ല കലക്കന്‍ സെല്‍ഫി വീഡിയോ. ക്യൂആര്‍ കോഡ് വെറുതെ ഒന്ന് സ്‌കാന്‍ ചെയ്താല്‍ നല്ല മൊഞ്ചുള്ള സെല്‍ഫി വീഡിയോ മൊബൈല്‍ ഫോണിന്റെ ഗ്യാലറിയില്‍ ഞാനിതാ എത്തിയേ എന്ന് പറഞ്ഞ് വന്നെത്തും. എന്റെ കേരളം മെഗാമേളയുടെ ഭാഗമായി കനകക്കുന്നിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ പവലിയനകത്താണ് കാലത്തിനും മുന്നേ സഞ്ചരിക്കുന്ന കൗതുക കാഴ്ചകള്‍ ഉള്ളത്. ഇതിനോടകം തന്നെ യുവാക്കള്‍ ഏറ്റെടുത്ത പി.ആര്‍.ഡി പവലിയനില്‍ നിരവധി പേരാണ് ദിവസവും എത്തുന്നത്.
സോഷ്യല്‍ മീഡയിയില്‍ വൈറലായി മാറുന്ന 360 ഡിഗ്രി സെല്‍ഫി ക്യാമറയാണ് പവലിയനിലെ പ്രധാന ആകര്‍ഷണം. ഒറ്റയ്‌ക്കോ കൂട്ടായോ 360 ഡിഗ്രി സെല്‍ഫി ബൂത്തില്‍ എത്തി സെല്‍ഫി വീഡിയോ എടുക്കാം. ഐഫോണില്‍ മികച്ച ക്വാളിറ്റിയില്‍ എടുക്കുന്ന വീഡിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നമ്മുടെ മൊബൈല്‍ ഫോണില്‍ അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങള്‍ ‘ഞാനും പറയാം’ എന്ന സെഗ്മെന്റിന്റെ ഭാഗമായി ഓഡിയോ ബൂത്തിലെത്തി രേഖപ്പെടുത്താം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.
പൊതുവിഞ്ജാനത്തില്‍ താത്പര്യമുള്ളവര്‍ക്ക് കൈനിറയെ സമ്മാനം നേടാനും അവസരമുണ്ട്. ഡിജിറ്റല്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത ശേഷം മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നില്‍കിയാല്‍ ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. മെയ് 27 വരെ ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുക്കാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ ദൃശ്യാവിഷ്‌കാരമായി പന്ത്രണ്ട് എല്‍.ഇ.ഡി ഡിസ്പ്‌ളേകള്‍ കൂടാതെ ഹോളോഗ്രാമും സജ്ജീകരിച്ചിട്ടുണ്ട്.