ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാടദിനത്തിൽ കനകക്കുന്ന് ഗേറ്റ്, സോപാനം, തിരുവരങ്ങ് തുടങ്ങിയ വേദികളിൽ വിവിധ നാടൻകലകൾ അരങ്ങേറി.
കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽ മതിലകം വരാഹദാസ് അവതരിപ്പിച്ച പഞ്ചവാദ്യവും കെ. സുരേന്ദ്രന്റെയും പാർട്ടിയുടെയും ചെണ്ട മേളവും പൂരപ്രതീതി തീർത്തു.
നെടുമങ്ങാട് ഗുരുകൃപ നാടൻ കലാ കേന്ദ്രത്തിലെ പ്രബലകുമാരിയുടെ ചരടുപിന്നിക്കളി തിരുവരങ്ങ് വേദിയെ സമ്പന്നമാക്കി. കുട്ടി കൃഷ്ണനായി വേഷമിട്ട നാല് വയസ്സുള്ള ആദിമിത്ര ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ചരടുപിന്നിക്കളിയിൽ പങ്കെടുത്തത്. കൃഷ്ണലീല ആസ്പദമാക്കി അവതരണം. തിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രത്തിൻ്റെ ബഹുഭാഷാ നാട്ടുപാട്ട് സംഗീതമായ ബോഡുബെറുവും ഐശ്വര്യ കലാസമിതിയുടെ വിൽപാട്ടും കാണികളെ ആകർഷിച്ചു.
സോപാനം വേദിയിൽ പൊറാട്ട് നാടകം, ചവിട്ടുനാടകം, കാക്കാരിശ്ശി നാടകം എന്നിങ്ങനെ വിവിധ നാടകങ്ങൾ അരങ്ങേറി.
അഞ്ചാം വർഷവും പാലക്കാട് കിഴക്കൻ മേഖലയിൽ നിന്നെത്തിയ പകാൻ പൊറാട്ട്നാടകത്തിലൂടെ മണ്ണാന്റെയും മണ്ണാത്തിയുടെയും കഥ പറഞ്ഞ് സദസ്സ് കീഴടക്കി. എറണാകുളം യുവജന ചവിട്ടുനാടക കലാസമിതിയുടെ ചവിട്ടുനാടകത്തിലെ പാട്ടുകൾ കോർത്തിണക്കിയുള്ള അവതരണം കാണികളെ ആവേശഭരിതരാക്കി. തിരുവനന്തപുരം പി. കെ തിയറ്റേഴ്സ് അവതരിപ്പിച്ച കാക്കാരിശ്ശിനാടകം കാണാനും നല്ല തിരക്കാണ് സോപാനം വേദിയ്ക്ക് സമീപം അനുഭവപ്പെട്ടത്.