” ഒരു വർഷത്തെക്ഷീണ –
മൊരു ഗാനത്താൽ മായ്ക്കു –
മൊരുവർഷത്തെദ്ദാഹ –
മൊരു തുള്ളിയാൽ മാറ്റും “
ഓണത്തെ കുറിച്ച് പ്രിയകവി തിരുനല്ലൂരിന്റെ കവിത ഓരോ മലയാളിയുടെയും മനസ്സാണ്. ഇല്ലായ്മകൾ പെയ്തിറങ്ങുന്ന വറുതിക്കാലത്തെ പടിയിറക്കി വിടാൻ മലയാളിമനസ്സിൽ നെയ്ത സുന്ദര സ്വപ്നങ്ങളുടെ നൂലിഴകളാണ്
ഓണപ്രതീക്ഷകൾ. കാലം തെറ്റാത്ത ഋതുക്കളുടെ ചാരുതയായി ഓണ മുറ്റം സങ്കല്പങ്ങളുടെ പൂക്കളം തീർക്കുന്നു. മറവിയിൽ മായാത്ത മധുര പ്രതീക്ഷ പോലെ പൂനീട്ടിനിൽക്കുന്നു. വസന്തം കാറ്റിനോടു കഥപറയുന്നതുപോലെ മലയാളി മനസ്സിൽ ചിലതൊക്കെ മന്ത്രിക്കുന്നു. ഒരു ഊഞ്ഞാൽപ്പാട്ടിനാൽ ഉറങ്ങുന്ന മനസ്സിനെ വിളിച്ചുണർത്തുന്നു. ഒരു തുമ്പപ്പൂ ചിരിയാൽ വേദനകളെ മറക്കാൻ പഠിപ്പിക്കുന്നു.
കാലത്തിന്റെ, ഉദയാസ്തമയങ്ങളുടെ ആഴമുള്ള സുഗന്ധം ഓണം പകരുന്നു. ഓണം മലയാളികൾക്ക് നിറമുള്ള പൂക്കാലം മാണ്.
സ്നേഹസമ്മാനങ്ങൾ, പ്രിയഭക്ഷണങ്ങൾ. സ്നേഹസാനിദ്ധ്യങ്ങൾ ഒക്കെയും ഓണത്തിന്റെ സമ്മാനങ്ങളാകുന്നു. മടുപ്പു തോന്നുന്ന ജീവിത കാഴ്ചകളിൽ നിന്നും സങ്കൽപ്പ സുന്ദര ജീവിതത്തിലേക്ക് മനസ്സുകൊണ്ട് മലയാളി യുടെ ഒരു മടക്കയാത്രയാണ് ഓണം.
കഥയായും പാട്ടായും കാലത്തിന്റെതിരുമുറ്റത്ത് നന്മകളാൽ ഓണം പുനർജ്ജനിക്കുന്നു.
മനുഷ്യരെല്ലാംഒന്നാണെന്നും ,മത ,ജാതി, വർണ്ണ, വർഗ്ഗ ഭേദങ്ങക്ക് അപ്പുറം ലോകത്തിന്റെ അടിത്തറ പങ്കിടലും പകുത്തു നൽകലുമാണെന്ന് ഓണം തലമുറകളെ പഠിപ്പിക്കുന്നു.
പ്രകൃതിജീവിതത്തിന്റെ സത്യം സഹജീവി സ്നേഹവും സഹനവുമണെന്ന് ഓണം അനുഭവങ്ങളാൽ പറഞ്ഞു തരുണ്ട്. ജീവിതത്തെ വർണ്ണാഭമാക്കാൻ അകലെയാണെങ്കിലും അടുത്താണെങ്കിലും ആരൊക്കെയോ നമുക്ക് ഉണ്ടാകണം. ആ സത്യത്തെ ഓർമ്മപ്പെടുത്തുകയാണ് ഓണദിനങ്ങൾ.
ഇഷ്ടങ്ങളുടെ പട്ടിക നിരത്തിഓണംഹൃദയങ്ങളെ കീഴടക്കുന്നു. ദുരന്തങ്ങൾക്കിടയിലും ഒരിക്കൽ ഓണം കടന്നെത്തുമെന്ന് മലയാളികൾ ആശ്വസിക്കുന്നു.
“പൊന്നുവയ്ക്കേണ്ടിടത്തൊരു പൂവുമാത്രം വച്ച് ,
കൺതുറന്നു കണികണ്ടു ധന്യരായോർ നമ്മൾ ” എന്ന് ഒ.എൻ.വി കുറിച്ചിട്ടതുപോലെയാണ് മലയാളികൾ ഓണത്തെ വരവേൽക്കുന്നത്. ഓണം ആഘോഷിക്കുന്നതിലൂടെ നഷ്ടമായ പൂക്കളെ, ഗന്ധങ്ങളെ, വിസ്മയങ്ങളെ മലയാളി തിരികെ പിടിക്കുന്നു. കാലത്തിന്റെ ചുവരിലെ ഒളിമങ്ങാത്ത ഓർമ്മചിത്രമായത് വർണ്ണവസന്തങ്ങളാകുന്നു.